ഡിസംബര്‍ 31ന് സഭ ചേരാന്‍ വീണ്ടും ശുപാര്‍ശ നല്‍കും
പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള തീരുമാനത്തില്‍ നിലപാട് കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ഡിസംബര്‍ 31ന് പ്രത്യേക സഭാ സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ശുപാര്‍ശ സമര്‍പ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേരത്തെ ശുപാര്‍ശ നല്‍കിയതില്‍ വീഴ്ചയുണ്ടെന്ന ഗവര്‍ണറുടെ നിലപാട് സര്‍ക്കാര്‍ തള്ളി. കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം 23ന് വിളിക്കാനുള്ള മന്ത്രിസഭാ ശുപാര്‍ശ തള്ളിയ ഗവര്‍ണറുടെ നടപടി അംഗീകരിക്കാനാവില്ലെന്ന കടുത്ത നിലപാടിലാണ് സര്‍ക്കാര്‍. ഇതേ തുടര്‍ന്നാണ് 31ന് പ്രത്യേക സമ്മേളനം വിളിക്കാനുള്ള ശുപാര്‍ശയുമായി ഗവര്‍ണറെ സമീപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. മാത്രമല്ല ആദ്യം ശുപാര്‍ശ സമര്‍പ്പിച്ചതില്‍ വീഴ്ച പറ്റിയെന്ന ഗവര്‍ണറുടെ നിലപാട് ശരിയല്ലെന്ന പൊതുവികാരമാണ് സര്‍ക്കാരിനുള്ളത്.
അതിനിടെ ഗവര്‍ണര്‍ക്കെതിരെ സ്പീക്കര്‍ പരസ്യമായി രംഗത്ത് വന്നു. സര്‍ക്കാരിന്റെ ആദ്യ ശുപാര്‍ശ തള്ളിയ ഗവര്‍ണറുടെ നടപടി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കുന്നതല്ലെന്ന കടുത്ത വിമര്‍ശനമാണ് സ്പീക്കര്‍ ഉയര്‍ത്തിയത്. ഭരണഘടനാപരമായി സഭ എപ്പോള്‍ ചേരണമെന്നും ഏത് വിഷയം ചര്‍ച്ച ചെയ്യണമെന്നും തീരുമാനിക്കാനുള്ള അവകാശം മന്ത്രിസഭയ്ക്കാണെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ ആവര്‍ത്തിച്ചു. സഭ ഉടന്‍ വിളിക്കേണ്ട അടിയന്തര സാഹചര്യമില്ലെന്ന് നിലപാടില്‍ ഗവര്‍ണര്‍ ഉറച്ച് നിന്നാല്‍ സര്‍ക്കാരിന്റെ ശുപാര്‍ശ വീണ്ടും തള്ളുന്നതിലേക്ക് നയിക്കും. അങ്ങനെ വന്നാല്‍ അത് സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് രൂക്ഷമാക്കും. എന്നാല്‍ ഗവര്‍ണറുടെ നിലപാടിനെ പരസ്യമായി വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല.