വീണ്ടും കടമെടുക്കാനൊരുങ്ങി കേരളം

കേരളം വീണ്ടും കടം വാങ്ങുന്നു. കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് വീണ്ടും കടം വാങ്ങാന്‍ നീക്കം നടക്കുന്നത്. ആയിരം കോടി രൂപയാണ് കടമെടുക്കുക. കടപ്പത്രം വഴി പണം സമാഹരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 29 ന് കടപ്പത്ര ലേലം നടക്കും. ആര്‍ബിഐ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ കുബേര്‍ സംവിധാനം വഴിയാണ് ലേലം.

കഴിഞ്ഞ ഏപ്രിലില്‍ സംസ്ഥാനം 6000 കോടി രൂപ കടമെടുത്തിരുന്നു. അതിന് ശേഷവും കടമെടുപ്പ് നടന്നു. കൊറോണയെ തുടര്‍ന്ന് വരുമാന മാര്‍ഗങ്ങള്‍ അടഞ്ഞു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഏപ്രിലിലെ കടമെടുക്കല്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനും വേണ്ടിയാണ് ഖജനാവിലെ വലിയൊരു ഭാഗം പണവും നീക്കിവയ്ക്കുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടെങ്കിലും പ്രതിഷേധം കണക്കിലെടുത്ത് നടപടി പിന്‍വലിച്ചിരുന്നു. അതേസമയം പിണറായി സര്‍ക്കാര്‍ അധികാരം ഏറ്റ ശേഷം സംസ്ഥാന കടം വീണ്ടും വീണ്ടും കൂടി വരികയാണ്.