എസ്എസ്എല്‍സി, പ്ലസ് ടു ക്ലാസ്സുകള്‍ ജനുവരി 1 മുതല്‍ ; പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി

എസ്.എസ്.എല്‍.സി, പ്ലസ്ടു പൊതുപരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 16 വരെ ക്ലാസ് റൂം പഠനം നടത്തും. പരീക്ഷയ്ക്ക് ഏതൊക്കെ പാഠഭാഗങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് വിദ്യാര്‍ത്ഥികളെ മുന്‍കൂട്ടി അറിയിക്കും. വിദ്യാര്‍ത്ഥികളുടെ താത്പര്യത്തിന് അനുസരിച്ച് തെരഞ്ഞെടുത്ത് ഉത്തരമെഴുതാനായി അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും.
ഷിഫ്റ്റ് അടിസ്ഥാനത്തിലാകും ക്ലാസുകള്‍. മാതൃകാ ചോദ്യങ്ങള്‍ വെബ് സൈറ്റില്‍ ലഭിക്കും. ക്ലാസ് പി.ടി.എകള്‍ വിളിക്കും. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശം പിന്നീട് നല്‍കും. എഴുത്ത് പരീക്ഷക്ക് ശേഷം പ്രാക്ടിക്കല്‍ പരീക്ഷക്ക് ഒരാഴ്ച സമയം നല്‍കും.

കൊവിഡ് സാഹചര്യത്തില്‍ പാഠഭാഗങ്ങള്‍ ഓണ്‍ലൈനായി ജനുവരി 31 നുള്ളില്‍ പൂര്‍ത്തിയാക്കും. ജനുവരി ഒന്നു മുതല്‍ 10, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ അനുവാദത്തോടെ സ്‌കൂളിലെത്താം. ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 17 വരെ കുട്ടികള്‍ക്ക് ക്ലാസ് റൂം പഠനത്തിന് അവസരം ഒരുക്കും. പരീക്ഷയ്ക്ക് ഏതൊക്കെ പാഠഭാഗങ്ങളാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്ന് ഡിസംബര്‍ 31 നകം സര്‍ക്കാര്‍ അറിയിക്കും. ഇതു വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഈ പാഠഭാഗങ്ങള്‍ അധ്യാപകര്‍ പൂര്‍ണമായും റിവിഷന്‍ നടത്തണം. കുട്ടികളുടെ താത്പര്യത്തിന് അനുസരിച്ച് ചോദ്യങ്ങള്‍ തെരഞ്ഞെടുക്കാനായി അധിക ചോദ്യങ്ങള്‍ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തും. ഇവ വായിച്ചു മനസിലാക്കാനായി കൂള്‍ ഓഫ് ടൈം വര്‍ധിപ്പിക്കും. മാതൃകാ ചോദ്യപേപ്പര്‍ തയാറാക്കി വെബ്സൈറ്റുകളിലൂടെ കുട്ടികള്‍ക്ക് ലഭ്യമാക്കും.