സ്വന്തം വേരുകള്‍ തേടുന്നതിലെ അപകടം

ആന്റണി പുത്തന്‍പുരയ്ക്കല്‍

അലക്‌സ് ഹാലെ എന്ന ആഫ്രോ-അമേരിക്കക്കാരന്‍ സ്വന്തം വേരുകള്‍ തേടി ക്ലേശകരമായ ഒരു അന്വേഷണം നടത്തി. ഈ അന്വേഷണത്തിന്റെ അവസാനം ഏഴു തലമുറകള്‍ക്കു പിന്നിലുള്ള ചരിത്രം വരെ കണ്ടുപിടിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു. സാഹിത്യ, ചലച്ചിത്ര ലോകത്തെ വളരെ വിജയം വരിച്ച ഒരു കൃതിയായി മാറി വേരുകള്‍ എന്ന ആ അന്വേഷണ ചരിത്രം.

സ്വന്തം വേരുകള്‍ തേടി അലയുന്നവരാണ് മനുഷ്യര്‍. ലോകത്തുള്ള എല്ലാ വംശങ്ങളും ഗോത്രങ്ങളും ജാതികളും വര്‍ഗ്ഗങ്ങളും മതങ്ങളും അവരുടെ വേരുകള്‍ തേടി ചരിത്രത്തിന്റെ പിന്നിലേക്ക് ബഹുദൂരം യാത്ര ചെയ്യാറുണ്ട്. ഓരോ ജനവിഭാഗങ്ങളും അവരുടെ പൂര്‍വ്വികരുടെ പഴകിദ്രവിച്ച കുലപാരമ്പര്യങ്ങളും കുടുംബമഹിമകളും ചികഞ്ഞെടുത്തു അവയിലെല്ലാം അഭിമാനം കൊള്ളുന്നു.

രണ്ടു വിധത്തില്‍ നമുക്കു നമ്മുടെ കൂട്ടായ വേരുകള്‍ തേടിയിറങ്ങാം. ഈ രണ്ടു അന്വേഷണങ്ങളും അപകടം നിറഞ്ഞതും രക്തപങ്കിലവുമാണ്. ആദ്യത്തെ കൂട്ടര്‍ അവരുടെ സ്വന്തം ഗോത്ര, വംശീയ വേരുകള്‍ ഇന്നലെയുടെ കുപ്പക്കൂമ്പാരങ്ങളില്‍ നിന്നും തിരഞ്ഞുപിടിച്ച് ദുരഭിമാനത്തോടെ ജീവിക്കുകയും മറ്റുള്ളവരെ നിന്ദിക്കുകയും ചെയ്യും. മറ്റുചിലര്‍ അപരിചിതന്റെ, അയല്‍ക്കാരന്റെ ഗോത്രവേരുകളും രക്തശുദ്ധിയും അന്വേഷിച്ചിറങ്ങുന്നു. ഇത്തരത്തിലുള്ള അത്യന്തം അപകടകാരികളായ, രക്തദാഹികളെ ചരിത്രത്താളുകളില്‍ നാം ധാരാളം കാണുന്നുണ്ട്. അവയില്‍ ഏറ്റവും ക്രൂരമായ അന്വേഷണം നടന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണു. വെറും നാലുവര്‍ഷം മാത്രം നീണ്ടുനിന്ന ഒരു തിരച്ചിലായിരുന്നു അത് . ഇത്രയും ചുരുങ്ങിയ കാലയളവില്‍ ഒരു വംശത്തിലെ ആറുദശലക്ഷം പേരുടെ വേരുകള്‍ അറുത്തുമാറ്റപ്പെട്ടു. ഇതുപോലെയുള്ള അനേകം വംശ, ഗോത്ര നരഹത്യകള്‍ ചരിത്രത്തിലുടനീളം നമുക്ക് കാണാം. പരിഷ്‌കൃതസമൂഹമെന്ന് നാം സ്വയം അഭിമാനിക്കുന്ന ഇക്കാലത്തും ലോകത്തിന്റെ എല്ലാ ഭാഗത്തും, ചരിത്രാതീതകാലം മുതല്‍ തുടങ്ങിയ കാല്പനിക വര്‍ണ്ണ, വര്‍ഗ്ഗ, വംശീയ, ഗോത്രവേരുകളുടെ പേരില്‍ വിദ്വേഷവും പകയും വംശഹത്യകളും ഇന്നും നടക്കുന്നുണ്ട്.

അപകടരഹിതവും അഭിലഷണീയവുമായ മറ്റൊരു വേരുകളുടെ അന്വേഷണം കൂടിയുണ്ട്. അത് വൈയക്തികതലത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതാണ്. ഏതാണ്ട് ഇരുപത്തഞ്ചു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് സ്വന്തം മനസ്സിന്റെ ആഴങ്ങളിലെ ദുഃഖങ്ങളുടെയും വേദനയുടെയും അസന്തുഷ്ടിയുടെയും വേരുകള്‍ തിരഞ്ഞ ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. മനസ്സിനെക്കുറിച്ചോ, അഹംബോധത്തെക്കുറിച്ചോ, അവബോധത്തെക്കുറിച്ചോ ശാസ്ത്രീയമായ അറിവുകള്‍ ഒന്നും അന്നുണ്ടായിരുന്നില്ല. സ്വന്തം മനസ്സിനെത്തന്നെ ഒരു പരീക്ഷണശാലയാക്കി ആ മനുഷ്യന്‍ മാറ്റി. ഓരോ വ്യക്തിയുടെയും മനസ്സിന്റെ ആഴത്തില്‍ ചൂഴ്ന്നിറങ്ങിയിട്ടുളള ദുഃഖത്തിന്റെ, വേദനയുടെ, സ്വാര്‍ത്ഥയുടെ അഹംങ്കാരത്തിന്റെ വേരുകള്‍ കണ്ടെത്താനുള്ള ഒരു ആത്മാന്വേഷണമായിരുന്നു അത്. ആ അന്വേഷണം ഫലം കണ്ടു. പാര്‍ശ്വദോഷങ്ങള്‍ ഒന്നുമില്ലാത്ത, മഹനീയമായ, ആത്മനിര്‍വൃതിദായകമായ ആ അന്വേഷണത്തിന്റെ വഴികളും കണ്ടെത്തലുളും ചരിത്രത്തില്‍ ഏതാണ്ട് പൂര്‍ണ്ണമായും വിസ്മരിക്കപ്പെട്ടു.

ഒരു വ്യക്തിയുടെ കുടുംബപാരമ്പര്യം വംശം രക്തബന്ധങ്ങള്‍, ഗോത്രം, വര്‍ണ്ണവര്‍ഗ്ഗ വ്യത്യാസങ്ങള്‍ ഇവയൊന്നും അടിസ്ഥാനപരമായ ഒരാളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരിക്കലും സഹായിക്കുകയില്ല. ജീവിതം ഇവയ്‌ക്കെല്ലാം അതീതമാണ്. ആത്മാന്വേഷണത്തിലൂടെ മാത്രമേ ഒരാള്‍ക്ക് സ്വന്തം ദുഃഖത്തിന്റെയും വേദനയുടെയും ആഴത്തിലുള്ള വേരുകള്‍ കണ്ടെത്താനും അവയെ പിഴുതെടുക്കുവാനും കഴിയു.

സ്വന്തം കുലമഹിമകളിലും പാരമ്പര്യങ്ങളിലും വംശാവലിയിലും ജാതിമത വ്യത്യാസങ്ങളിലും വിശ്വസിക്കുകയും അതില്‍ അഭിമാനം കൊള്ളുകയും അതിന്റെ പേരില്‍ മറ്റുള്ളവരെ നിന്ദിക്കുകയോ, ഉപദ്രവിക്കുകയോ, കൊന്നൊടുക്കുകയോ ചെയ്യുന്നവരോട് ഒരു ചോദ്യം. നിങ്ങള്‍ മറ്റൊരു സമയത്ത്, മറ്റൊരു സ്ഥലത്ത്, മറ്റു രണ്ടു ശരീരങ്ങളില്‍നിന്നും ജന്മമെടുത്തിരുന്നെങ്കില്‍, ഇന്ന് നിങ്ങള്‍ ആരായിരിക്കും? ഇന്ന് നിങ്ങള്‍ സ്വന്തമെന്നു അഭിമാനിക്കുന്ന ഗോത്രം നിങ്ങളുടെ ആയിരിക്കുമോ? നിങ്ങളില്‍ കാണുന്ന ഈ പ്രവണത സമഷ്ടിയായ അവബോധത്തിന്റെ അപഭ്രംശമാണെന്ന് സമ്മതിക്കാനും തിരുത്താനും നിങ്ങള്‍ തയ്യാറാണോ?