കോവിഡ് കാലത്തെ മികച്ച 10 എം പി മാരില്‍ രാഹുല്‍ ഗാന്ധിയും

കൊറോണ വൈറസ് രാജ്യത്തു നാശം വിതച്ച സമയത്ത് ജനങ്ങള്‍ക്ക് നന്മ ചെയ്ത എം പി മാരുടെ ലിസ്റ്റില്‍ കേരളത്തില്‍ നിന്നും രാഹുല്‍ ഗാന്ധി മാത്രം. കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ സഹായങ്ങള്‍ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയത്. വയനാട് MPയായ രാഹുല്‍ ഗാന്ധി (Rahul Gandhi)യാണ് ജനങ്ങളെ ഏറ്റവും കൂടുതല്‍ സഹായിച്ചവരുടെ പട്ടികയില്‍ മൂന്നാമത് എത്തിയിരിക്കുന്നത്.

ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗവേണ്‍ഐ സിസ്റ്റംസ് നടത്തിയ സര്‍വേയിലാണു രാഹുല്‍ ഗാന്ധി മൂന്നാം സ്ഥാനത്തെത്തിയത്. കോവിഡ് പ്രതിസന്ധിയില്‍ വയനാട്ടിലെ ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍, കോവിഡ് പ്രതിരോധ കിറ്റുകള്‍ എന്നിവയെല്ലാം രാഹുല്‍ ഗാന്ധി എത്തിച്ചിരുന്നു. ജില്ലാ അധികൃതരുമായി ബന്ധപ്പെട്ട് പ്രതിരോധപ്രവര്‍ത്തനങ്ങളിലും രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നു എന്ന് ഗവേണ്‍ഐ വിലയിരുത്തി. BJPയുടെ ഉജ്ജയിന്‍ എംപി അനില്‍ ഫിറോജിയ, YSR കോണ്‍ഗ്രസ് നെല്ലൂര്‍ എംപി അദ്‌ല പ്രഭാകര റെഡ്ഡി എന്നിവരാണു പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളത്.

ലോക് ഡൌണ്‍ കാലത്തു നിയോജക മണ്ഡലങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു ജനങ്ങള്‍ക്കൊപ്പം നിന്ന MPമാരെ കണ്ടെത്താന്‍ ഒക്ടോബര്‍ ഒന്നുമുതലാണ് ഗവേണ്‍ഐ സര്‍വേ നടത്തിയത്. ജനങ്ങള്‍ തന്നെ നിര്‍ദേശിച്ച 25 ലോക്‌സഭാ എംപിമാരുടെ പട്ടികയില്‍ നിന്നാണ് മികച്ച പത്തുപേരെ കണ്ടെത്തിയത്. ഈ ജനപ്രതിനിധികള്‍ കോവിഡ് കാലത്ത് ജനങ്ങള്‍ക്കൊപ്പം നിന്നു പ്രവര്‍ത്തിച്ചുവെന്ന് സര്‍വേ വിലയിരുത്തി. മഹുവ മൊയ്ത്ര, തേജസ്വി സൂര്യ, ഹേമന്ദ് ഗോഡ്‌സെ, സുഖ്ബീര്‍ സിംഗ് ബാദല്‍, ശങ്കര്‍ ലാല്‍വനി എന്നിവരാണു പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ എത്തിയ ജനപ്രതിനിധികള്‍.