ജീന്‍സ് ധരിക്കാത്ത ഡാന്‍സ് ചെയ്യാത്ത ഭാര്യ ; തലാഖ് ചൊല്ലിയ ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

സാധാരണയില്‍ വിപരീതമായ ഒരു സംഭവമാണ് അരങ്ങേറിയിരിക്കുന്നത്. ജീന്‍സ് ധരിക്കാനും ഡാന്‍സ് ചെയ്യാനും മടിച്ച ഭാര്യയെ യുവാവ് മുത്തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് വിചിത്രമായ ഈ സംഭവം നടന്നിരിയ്ക്കുന്നത്. മീററ്റ് പില്‍ഖുവ സ്വദേശി അനസ് എന്നയാളാണ് ഇത്തരം വിചിത്ര കാരണങ്ങള്‍ ഉന്നയിച്ച് ഭാര്യയെ തലാഖ് ചൊല്ലിയത്. കൂടാതെ തലാഖ് ചൊല്ലിയശേഷം ഭാര്യയുടെ വീട്ടിലെത്തിയ ഇയാള്‍ സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്കും ശ്രമിച്ചു. വീട്ടുകാര്‍ ഇടപെട്ട് യുവാവിനെ രക്ഷപ്പെടുത്തി, പിന്നീട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ലിസാരി ഗേറ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഇസ്മായില്‍ നഗര്‍ മേഖലയിലെ താമസക്കാരിയായിരുന്ന യുവതിയെ എട്ട് വര്‍ഷം മുന്‍പാണ് ഇയാള്‍ വിവാഹം ചെയ്തത്. പാട്ടു പാടാനും ഡാന്‍സ് ചെയ്യാനും കൂടാതെ, ജീന്‍സ് ധരിക്കാനും ആവശ്യപ്പെട്ട് ഭര്‍ത്താവ് നിരന്തരം സമ്മര്‍ദ്ദം ചെലുത്താറുണ്ടായിരുന്നുവെന്ന് യുവതി പറയുന്നു. ഇക്കാര്യം പറഞ്ഞ് പലപ്പോഴും ഇരുവരും തമ്മില്‍ തര്‍ക്കങ്ങളും ഉണ്ടാകുമായിരുന്നു. പ്രാദേശിക പഞ്ചായത്തില്‍ യുവതി പരാതിയുമായി സമീപിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും യുവതി ആരോപിക്കുന്നു.

തന്റെ ഇഷ്ടത്തിനനുസരിച്ചു ഭാര്യ പെരുമാറാത്തതു കാരണം രണ്ട് ദിവസം മുന്‍പ് അനസ് ഭാര്യയെ മുത്തലാഖ് ചൊല്ലുകയായിരുനു. വിവാഹമോചനം നല്‍കിയ ശേഷം ഭാര്യയുടെ വീട്ടിലെത്തിയ ഇയാള്‍ എന്തോ ദ്രാവകം ശരീരത്തിലൂടെ ഒഴിച്ചശേഷം സ്വയം തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.