കല്ലൂരാവി രാഷ്ട്രീയ കൊലപാതകം ; മുഴുവന്‍ പ്രതികളും പിടിയില്‍
കാസര്‍കോട് : കല്ലൂരാവി അബ്ദുറഹ്മാന്‍ ഔഫ് വധക്കേസില്‍ കുറ്റം സമ്മതിച്ച് മുഖ്യപ്രതി ഇര്‍ഷാദ്. ഔഫിനെ കുത്തിയത് താനാണെന്ന് ഇര്‍ഷാദ് പൊലീസിന് മൊഴി നല്‍കി. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. ഹൃദയധമനിയില്‍ കുത്തേറ്റതാണ് അബ്ദുറഹ്മാന്റെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക വിവരം. വേഗത്തില്‍ രക്തം വാര്‍ന്നത് മരണം കാരണമായെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഖ്യപ്രതി ഇര്‍ഷാദിനെ മംഗലാപുരത്ത് നിന്ന് കാഞ്ഞങ്ങാട്ടെത്തിച്ചിരുന്നു. അന്വേഷണസംഘത്തോടെ ഇര്‍ഷാദ് കുറ്റം സമ്മതിച്ചു.
അബ്ദുറഹ്മാനെ കുത്തിയത് ഇര്‍ഷാദ് ആണെന്നാണ് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത ഇസ്ഹാഖും പൊലീസിന് മൊഴി നല്‍കി. കല്ലൂരാവി സ്വദേശിയും യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഹാഷിറും സംഘടത്തോടൊപ്പമുണ്ടായിരുന്നുവെന്ന ഇസ്ഹാഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഹാഷിറിനെ കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെ മുണ്ടത്തോട് ബാവ നഗര്‍ റോഡിലുണ്ടായ സംഘര്‍ഷത്തിലാണ് അബ്ദുറഹ്മാന്‍ ഔഫ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലൂരാവിയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഈ സംഭവമെന്നാണ് പൊലീസിന്റെ നിഗമനം. വിലാപ യാത്രയെ തുടര്‍ന്ന് ഇന്നലെ രാത്രി കല്ലൂരാവിയിലും പരിസരങ്ങളിലും ലീഗ് ഓഫീസുകള്‍ക്ക് നേരെ വ്യാപകമായ അക്രമം നടന്നിരുന്നു.