51കാരി വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ ; 26കാരനായ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം കാരക്കോണത്ത് ആണ് സംഭവം. 51കാരിയായ വീട്ടമ്മയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കാരക്കോണം ത്രേസ്യാപുരത്ത് താമസിക്കുന്ന ശാഖയെയാണ് ശനിയാഴ്ച രാവിലെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ശാഖയുടെ ഭര്‍ത്താവ് അരുണിനെ(26) പൊലീസ് കസ്റ്റഡിയിലെടുത്തു.

വീട്ടിനുള്ളില്‍ ഷോക്കേറ്റനിലയില്‍ കണ്ട ശാഖയെ കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ശാഖയും അരുണും രണ്ട് മാസം മുമ്പാണ് വിവാഹിതരായത്. മതാചാരപ്രകാരം ആയിരുന്നു വിവാഹം. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍നിന്ന് ശിഖയ്ക്ക് ഷോക്കേറ്റെന്നാണ് അരുണിന്റെ മൊഴി. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

ശാഖയുടെ വയസായ അമ്മയും ശാഖയും അരുണും മാത്രമാണ് വീട്ടിലുള്ളത്. അമ്മ ഏറെക്കാലമായി സുഖമില്ലാതെ കിടപ്പാണ്.കല്യാണം കഴിഞ്ഞത് മുതല്‍ രണ്ടു മാസക്കാലയളവില്‍ ഇവര്‍ തമ്മിലുള്ള വഴക്കുകള്‍ പതിവായിരുന്നുവെന്ന് വീട്ടിലെ ഹോം നേഴ്‌സ് പറയുന്നു. വിവാഹ ഫോട്ടോ പുറത്തുപോയതും, വിവാഹം രജിസ്റ്റര്‍ ചെയ്യാത്തതും ആയിരുന്നു തര്‍ക്കത്തിന് കാരണം. മൃതദേഹത്തിലും ഹാളിലും ചോരപ്പാടുകള്‍ കണ്ടെത്തിയതും, ശാഖയുടെ മൂക്ക് ചതഞ്ഞ നിലയില്‍ കണ്ടെത്തിയതും സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു.