പാലക്കാട് ദുരഭിമാനകൊല ; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

പാലക്കാട്ടെ ദുരഭിമാനക്കൊലക്കേസില്‍ പോലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന്‍ പ്രഭുകുമാറും, അമ്മാവന്‍ സുരേഷുമാണ് അറസ്റ്റിലായത്. ഇവരെ നാളെ തെളിവെടുപ്പിനായി കൃത്യം നടന്ന സ്ഥലത്തെത്തിക്കും. പ്രണയിച്ച് വിവാഹം കഴിച്ചതിന് എലമന്ദം സ്വദേശി അനീഷിനെ ഭാര്യാവീട്ടുകാര്‍ ഇന്നലെയാണ് കൊലപ്പെടുത്തിയത്. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിലാണ് കൊലപാതകം നടന്നത്.

മൂന്നു മാസം മുമ്പാണ് അനീഷിന്റെ വിവാഹം കഴിഞ്ഞത്. അനീഷിനെ കൊന്നത് ഭാര്യവീട്ടുകാരെന്നാണ് ബന്ധുക്കള്‍ പറഞ്ഞിരുന്നു. കൊലപാതകത്തിന് ദൃക്സാക്ഷിയാണ് സഹോദരന്‍. വണ്ടിയില്‍ വന്ന് വാളെടുത്ത് അനിയനെ വെട്ടിവീഴ്ത്തുകയായിരുന്നുവെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു. കൊലപാതകവുമായി ബന്ധപ്പെട്ട് പണ്‍കുട്ടിയുടെ അച്ഛന്‍ പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവര്‍ പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

അതേസമയം തന്റെ കഴുത്തില്‍ മൂന്ന് മാസമേ താലിയുണ്ടാകൂ എന്ന് അച്ഛന്‍ ഭീഷണിപ്പെടുത്തിയതായി അനീഷിന്റെ ഭാര്യ ഹരിത പറയുന്നു. ഹരിത പറയുന്നത് ഇങ്ങനെ ‘ ഞാനും അനീഷേട്ടനും, അനീഷേട്ടന്റെ അനിയത്തിലും ഒക്കെയുള്ള സമയത്ത് അമ്മാവന്‍ വന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് ഒരു ദിവസം വന്ന് ഫോണ്‍ എടുത്തിട്ട് പോയി. ഇതിന് പിന്നാലെ അനീഷിനൊപ്പം പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് സമയമായിരുന്നതിനാല്‍ സാറിനെ കാണാന്‍ സാധിച്ചില്ല.

പിന്നീട് പൊലീസുകാര്‍ വന്ന് മാമന്റെ ഫോണ്‍ നമ്പറൊക്കെ ചോദിച്ച് പോയിരുന്നു. അനീഷേട്ടനെ വിട്ട് ഒറ്റയ്ക്ക് വീട്ടില്‍ വരാനാണ് അമ്മ അടക്കമുള്ളവര്‍ പറഞ്ഞിരുന്നത്. ഒറ്റയ്ക്ക് വന്നാല്‍ ഏപ്പോള്‍ വേണമെങ്കിലും മടങ്ങി വരാമെന്നും, അനീഷേട്ടന്റെ ഒപ്പം വന്നാല്‍ വീട്ടില്‍ കയറ്റില്ലെന്നും വീട്ടുകാര്‍ പറഞ്ഞിരുന്നു. മൂന്ന് മാസമേ കഴുത്തില്‍ താലിയുണ്ടാകുള്ളു എന്ന് അച്ഛന്‍ പറഞ്ഞിരുന്നു. അന്ന് അങ്ങനെ അച്ഛന്‍ പറഞ്ഞിരുന്നുവെങ്കിലും കൊല്ലുമെന്ന് വിചാരിച്ചിരുന്നില്ല എന്നാണ് ഹരിത പറയുന്നത്.