51 കാരിയുടെ കൊലപാതകം ; ഭര്‍ത്താവ് കുറ്റം സമ്മതിച്ചു ; കൊല നടത്തിയത് സ്വത്ത് തട്ടിയെടുക്കാന്‍

തിരുവനന്തപുരം കാരക്കോണത് 51 കാരിയുടെ മരണം കൊലപാതകം എന്ന് പോലീസ്. സംഭവത്തില്‍ മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് കുറ്റം സമ്മതിച്ചു. ത്രേസ്യാപുരം സ്വദേശി ശാഖാകുമാരിയാണ് മരിച്ചത്.ഇവരുടെ ഭര്‍ത്താവ് അരുണ്‍ (26) ആണ് കൊലപാതകം ആസൂത്രണം ചെയ്തു നടപ്പിലാക്കിയത്. പൊലീസിന്റെ ചോദ്യംചെയ്യലില്‍ പിടിച്ചുനില്‍ക്കാനാവാതെ ഭര്‍ത്താവ് അരുണ്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ശാഖ ഷോക്കേറ്റു മരിച്ചു എന്നായിരുന്നു അരുണ്‍ ആദ്യം പറഞ്ഞത്.

ഇരുവരും പ്രണയത്തില്‍ ആയ ശേഷമാണു വിവാഹം നടന്നത്. രണ്ടുമാസം മുന്‍പ് മതാചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം എങ്കിലും പിന്നീട് പ്രായവ്യത്യാസം അരുണിന് അപമാനമായി തോന്നി. അരുണുമായി പ്രണയമായതോടെ വിവാഹത്തിനു ശാഖയാണു മുന്‍കയ്യെടുത്തത്. വീട്ടുകാരോ ബന്ധുക്കളോ ഇല്ലാതെയാണ് അരുണ്‍ വിവാഹത്തിനെത്തിയത്. പത്താംകല്ല് സ്വദേശി എന്നു മാത്രമാണ് അരുണിനെപ്പറ്റി നാട്ടുകാര്‍ക്കുള്ള വിവരം. അരുണിന്റെ പെരുമാറ്റത്തില്‍ ആദ്യംമുതലേ നാട്ടുകാര്‍ക്കു ചില സംശയങ്ങളുണ്ടായിരുന്നു. ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

ശാഖയും അരുണും തമ്മില്‍ വഴക്ക് പതിവായിരുന്നത്രെ. ശാഖയുടെ ആദ്യവിവാഹമാണിത്. വിവാഹ സല്‍ക്കാരത്തിനിടെ അരുണ്‍ ഇറങ്ങിപ്പോയി കാറില്‍ കറങ്ങിനടന്നിരുന്നതായി സമീപവാസി പറയുന്നു. ശാഖ 10 ലക്ഷത്തോളം രൂപ അരുണിനു നല്‍കിയിട്ടുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തി. പരേതനായ അധ്യാപകന്റെ മകളാണു ശാഖ. കിടപ്പുരോഗിയായ അമ്മയാണ് ഒപ്പമുള്ളത്. വലിയ ഭൂസ്വത്ത് കുടുംബത്തിനുണ്ട്. ഒരേക്കറിലധികമുള്ള സ്ഥലത്താണു വീട്.

10 ലക്ഷം രൂപയ്ക്കു പുറമെ കാറും അരുണിനു ശാഖ വാങ്ങിക്കൊടുത്തിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പു വിവാഹം രജിസ്റ്റര്‍ ചെയ്യാനായി ഇവര്‍ പഞ്ചായത്ത് ഓഫിസില്‍ പോയിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ക്രിസ്മസ് വിളക്കുകള്‍ തൂക്കാനെടുത്ത കണക്ഷന്‍ രാത്രി വിച്ഛേദിച്ചിരുന്നില്ലെന്നും പുലര്‍ച്ചെ ശാഖ ഇതില്‍ സ്പര്‍ശിച്ചപ്പോള്‍ ഷോക്കേറ്റെന്നുമായിരുന്നു അരുണ്‍ ഏവരോടും പറഞ്ഞത്. പക്ഷേ ശാഖയുടെ ബന്ധുക്കള്‍ സംഭവത്തില്‍ ദുരൂഹത ആരോപിച്ചതോടെ വെള്ളറട പൊലീസ് കൂടുതല്‍ അന്വേഷണത്തിലേക്കു നീങ്ങി.

വിവാഹ ഫോട്ടോ പുറത്തായതാണ് അരുണിനെ പ്രകോപിപ്പിച്ചത്. ഇതുവരെ വിവാഹം രജിസ്റ്റര്‍ ചെയ്യാതിരുന്നതും വഴക്കിന് കാരണമായി. നേരത്തെ വീട്ടിലെ വൈദ്യുതമീറ്ററില്‍നിന്ന് കണക്ഷനെടുത്ത് ശാഖയെ ഷോക്കേല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നതായും ഹോം നഴ്‌സ് വെളിപ്പെടുത്തിയിരുന്നു. വൈദ്യുതമീറ്ററില്‍നിന്ന് ശാഖയുടെ കിടപ്പുമുറിയിലേക്കാണ് കണക്ഷന്‍ എടുത്തിരുന്നത്. ഇത് ശരീരത്തില്‍ ബന്ധിപ്പിക്കാന്‍ ശ്രമിച്ചു. ഇലക്ട്രിക് വയറുകള്‍ കണ്ട് ഭയന്നതോടെ ശാഖ തന്നെയാണ് ഇത് വിച്ഛേദിച്ചത്. കഴിഞ്ഞദിവസം വരെ ഭര്‍ത്താവിന് വേണ്ടി ശാഖ വ്രതമെടുത്തിരുന്നു. വെള്ളിയാഴ്ചയാണ് വ്രതം അവസാനിച്ചതെന്നും രേഷ്മ പറയുന്നു

ശാഖ ഷോക്കേറ്റ് വീണെന്നാണ് അരുണ്‍ അറിയിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരായ യുവാക്കളും സ്ത്രീയും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. മുറിയില്‍ ചോരപ്പാടുകള്‍ ഉണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു. അസ്വാഭാവിക മരണത്തിനു കേസ് എടുത്ത പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്കും ഒരുങ്ങി. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെയും കെഎസ്ഇബിയുടെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് അറിയിച്ച പൊലീസ്, ഫൊറന്‍സിക് പരിശോധനയും പോസ്റ്റുമോര്‍ട്ടവും കഴിഞ്ഞാലേ അന്തിമ നിഗമനത്തിലെത്താന്‍ കഴിയൂവെന്നും അറിയിച്ചു. ഇതേസമയത്തുതന്നെ അരുണിനെ വിശദമായി ചോദ്യം ചെയ്യുന്നുമുണ്ടായിരുന്നു. ഷോക്കേല്‍പിച്ചാണു കൊന്നതെന്നും വിവാഹമോചനം നടക്കാത്തതിനാലായിരുന്നു കൃത്യമെന്നും അരുണ്‍ ഏറ്റുപറഞ്ഞെന്നാണു പൊലീസ് പറയുന്നത്.