പി.കെ ശശി വീണ്ടും ജില്ലാ സെക്രട്ടറിയേറ്റിലേക്ക്
പി കെ ശശിയെ വീണ്ടും ജില്ലാ സെക്രട്ടറിയേറ്റിലേയ്ക്ക് ഉള്‍പ്പെടുത്താന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന സിപിഎം പാലക്കാട് ജില്ലാ കമ്മറ്റി യോഗത്തിലാണ് ശശിയെ തിരിച്ചെടുക്കാന്‍ തീരുമാനമായത്. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്ന് നടപടി നേരിട്ട ശശിയെ കഴിഞ്ഞ വര്‍ഷം ജില്ലാ കമ്മറ്റിയിലേക്ക് തിരിച്ചെടുത്തിരുന്നുവെങ്കിലും സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
തീരുമാനം ശിപാര്‍ശയായി സംസ്ഥാന കമ്മറ്റിക്ക് നല്‍കും. വനിതാ നേതാവിന്റെ പരാതിയില്‍ പി.കെ ശശിയെ രണ്ടു വര്‍ഷം മുമ്പ് സസ്‌പെന്റ് ചെയ്തിരുന്നു. പിന്നീട് സി.പി.എം തിരിച്ചെടുക്കുകയും ചെയ്തു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടേതായിരുന്നു അച്ചടക്കനടപടി. ശശിയുടെ വിശദീകരണം ചര്‍ച്ച ചെയ്ത ശേഷമായിരുന്നു കമ്മിറ്റി നടപടിയെടുത്തിരുന്നത്. ഡി.വൈ.എഫ്‌ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതി നല്‍കിയ പരാതിയിലായിരുന്നു നടപടി. ശശിക്കെതിരെ നടപടി വേണമെന്ന് പരാതി അന്വേഷിച്ച എ.കെ.ബാലന്‍ – പി.കെ.ശ്രീമതി കമ്മിഷന്‍ കണ്ടെത്തിയിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല വഹിക്കുന്ന എ വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തിലാണ് പി കെ ശശിയെ വീണ്ടും ജില്ലാ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ശശിയ്‌ക്കെതിരെയുള്ള അച്ചടക്ക നടപടി പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കമ്മറ്റി അംഗീകരിയ്ക്കുകയായിരുന്നു. എന്നാല്‍ തീരുമാനം നടപ്പിലാവാന്‍ സംസ്ഥാന കമ്മറ്റിയുടെ അംഗീകാരം വേണം.