ജപ്തി തടയാന്‍ ആത്മഹത്യാ ശ്രമം ; ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചു
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്പതിമാരില്‍ ഭാര്യയും മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയാണ് നെയ്യാറ്റിന്‍കര പോങ്ങില്‍ സ്വദേശി അമ്പിളി മരിച്ചത്. അമ്പിളിയുടെ ഭര്‍ത്താവ് രാജന്‍ നേരത്തേ മരണപ്പെട്ടിരുന്നു.
കോടതി വിധി പ്രകാരം ഭൂമി ഒഴിപ്പിക്കല്‍ നടപടിക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ വെച്ചാണ് ഇരുവരും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചത്. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടര്‍ന്നുപിടിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പൊലീസിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.
അതേസമയം ആത്മഹത്യയെ കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മകന്‍ രഞ്ജിത്ത്. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവിറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പായിരുന്നു പൊലീസിന്റെ ഇടപെടലും തുടര്‍ന്നുണ്ടായ ആത്മഹത്യയും. പൊലീസ് തിടുക്കം കാട്ടിയില്ലായിരുന്നുവെങ്കില്‍ അച്ഛനും അമ്മയും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും മകന്‍ രഞ്ജിത്ത് പറഞ്ഞു.
സ്റ്റേ ഓര്‍ഡര്‍ വരുമെന്നറിഞ്ഞിട്ടാണ് പൊലീസ് കുടിയൊഴുപ്പിക്കാന്‍ തിടുക്കപ്പെട്ട് നീക്കം നടത്തിയതെന്നാണ് രഞ്ജിത്തിന്റെ ആരോപണം. ജനുവരി 15 വരെയാണ് കുടിയൊഴിപ്പിക്കല്‍ സ്റ്റേ ചെയ്തുകൊണ്ട് കോടതി ഉത്തരവിറക്കിയത്.
ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജന് 75 ശതമാനം പൊള്ളലേറ്റിരുന്നു. ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളും തകരാറിലായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടര്‍ന്നുപിടിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രാജനും ഭാര്യ അമ്പിളിയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പൊലീസ് പിന്മാറാനായിരുന്നു താന്‍ ആത്മഹത്യാശ്രമം നടത്തിയതെന്ന് രാജന്‍ പ്രതികരിച്ചിരുന്നു. രാജന്റെ മരണത്തിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങി.