നെയാറ്റിന്‍കര ആത്മഹത്യ ; കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മാഹത്യ ചെയ്ത സംഭവത്തില്‍ കുട്ടികള്‍ക്ക് വീട് വെച്ച് നല്‍കാനും വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും സര്‍ക്കാര്‍ തീരുമാനം. സംഭവത്തില്‍ പൊലീസ് വീഴ്ചയുണ്ടോ എന്നതടക്കം അന്വേഷിക്കാന്‍ ഡി.ജി.പി ഉത്തരവിട്ടു. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി.

നെയ്യാറ്റിന്‍കരയില്‍ കോടതി ഉത്തരവ് പ്രകാരം ഒഴിപ്പിക്കല്‍ നടത്തുന്നതിനിടെ ദമ്പതികളായ രാജനും അമ്പിളിയും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെയടക്കം മക്കള്‍ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഇടപെടല്‍. കുട്ടികള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ വീട് വെച്ച് നല്‍കും. വിദ്യാഭ്യാസ ചെലവും ഏറ്റെടുക്കും. മറ്റെന്ത് സഹായം ആവശ്യമെങ്കിലും ചെയ്ത് നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥ തലത്തില്‍ നിര്‍ദ്ദേശം നല്‍കി. ഒഴിപ്പിക്കല്‍ നടപടിക്കെതിരെ സ്റ്റേ ഓര്‍ഡര്‍ ഉടന്‍ വരുമെന്നറിയിച്ചിട്ടും പൊലീസ് സാവകാശം നല്‍കിയില്ലെന്ന് മക്കള്‍ ആരോപിച്ചിരുന്നു. രാജന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച സമയത്ത് പൊലീസ് ലൈറ്റര്‍ തട്ടിമാറ്റാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നും പരാതി ഉയര്‍ന്നിരുന്നു.

രക്ഷപ്പെടുത്താന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് വിശദീകരണം. പൊലീസിന് വീഴ്ചയെന്ന് ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടത്. തിരുവനന്തപുരം റൂറല്‍ എസ്.പി ബി.അശോകനാണ് അന്വേഷണ ചുമതല. പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷനും റൂറല്‍ എസ്.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നെയ്യാറ്റിന്‍കരയിലെത്തിയ ബാലാവകാശ കമ്മീഷന്‍ സംഘം കുട്ടികളെ സന്ദര്‍ശിച്ച് വിവര ശേഖരണം നടത്തി. എം.എല്‍.എമാരായ കെ.ആന്‍സലന്‍, കെ.എസ് ശബരിനാഥന്‍, എം. വിന്‍സെന്റ് എന്നിവരും കുട്ടികളെ സന്ദര്‍ശിച്ചു.