രാഷ്ട്രീയ പ്രവേശനത്തില്‍ നിന്നും പിന്മാറി രജനികാന്ത് ; പിന്മാറ്റം ആരോഗ്യകാരണങ്ങളാല്‍
താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിന് പുറത്തു നിന്നുകൊണ്ടു തന്നെ ജനങ്ങളെ സേവിക്കുമെന്നും ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ രജനികാന്ത് പറയുന്നു. ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപന തിയ്യതി പരസ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കേയാണ് രജനിയുടെ അപ്രതീക്ഷിത പിന്മാറ്റം.
വാക്കു പാലിക്കാന്‍ ആകാത്തതില്‍ വേദനയുണ്ട്. തന്നെ വിശ്വസിച്ചവര്‍ ദുഃഖിക്കാന്‍ ഇടവരുതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം രജനീകാന്തിന്റെ ആരോഗ്യനില വഷളായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് ഹൈദരാബാദിലേക്ക് മടങ്ങുകയാണെന്നും കോവിഡ് സാഹചര്യം ഒഴിവാക്കേണ്ടതുണ്ടെന്നും താരം പറയുന്നു. ഹൈദരാബാദില്‍ പുതിയ ചിത്രം അണ്ണാത്തെയുടെ ലൊക്കേഷനില്‍ ചിലര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് രജനി അടക്കമുള്ള താരങ്ങള്‍ ചെന്നൈയില്‍ തിരികെ മടങ്ങിയത്. പിന്നാലെ അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.
കടുത്ത നിരാശയോടെയാണ് പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്നും താന്‍ പിന്മാറുന്നതെന്ന് രജനികാന്ത് അറിയിച്ചു. അടുത്തിടെ കടുത്ത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് രജനികാന്തിനെ അണ്ണാത്തെ സെറ്റില്‍ നിന്നും ഹൈദരാബാദിലെ അപ്പോളോ അശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശേഷം കഴിഞ്ഞ ദിവസമാണ് അദ്ദേഹം വീട്ടിലെത്തിയത്.