പുതുവത്സരാഘോഷങ്ങള്‍ക്ക് ഇത്തവണ ആട്ടവും,പാട്ടും ഡി ജെയും വേണ്ട എന്ന് കേന്ദ്രം

ഇത്തവണ പുതുവത്സരദിനത്തിന് ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം കൊണ്ടുവരണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. നിയന്ത്രണങ്ങള്‍ പരിഗണിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ മുഖ്യമന്ത്രിമാരോട് പറഞ്ഞു. യു.കെയില്‍ നിന്നടക്കം മടങ്ങിവരുന്ന യാത്രികരില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് കടുത്ത നിയന്ത്രണങ്ങള്‍ രാജ്യത്താകെ ഏര്‍പ്പെടുത്താന്‍ കേന്ദ്രം ഒരുങ്ങുന്നത്. അതിനിടയില്‍ പുതുവത്സര ആഘോഷങ്ങള്‍ കൂടി അതിരുവിട്ടാല്‍ വൈറസ് പടരുന്നത് നിയന്ത്രിക്കാന്‍ അധികൃതര്‍ പാടുപെടേണ്ടി വരും. ഇന്ത്യയിലെ ഏല്ലാ മെട്രോ നഗരങ്ങളിലും പുതുവത്സരാഘോഷങ്ങള്‍ വലിയ തോതില്‍ നടത്തുന്നുണ്ട്.

ബാംഗ്ലൂരും,ഗോവയിലും,കേരളത്തില്‍ കൊച്ചിയിലും ഉള്‍പ്പടെ ബീച്ചുകളിലും,മാളുകളിലും,ബാര്‍ ഹോട്ടലുകളിലും,പബ്ബുകളിലുമടക്കം ആഘോഷങ്ങള്‍ അതിരുവിടാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അതാത് സംസ്ഥാന ആഭ്യന്തരവകുപ്പുകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് ഇത് കൂടി കണക്കിലെടുത്തായിരിക്കും തീരുമാനം. തിരക്ക് കൂടാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും പരിശോധിക്കാന്‍ പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. ഒരാളെ പോലും രാത്രിയില്‍ പുറത്തിറങ്ങാന്‍ വിടില്ലെന്നാണ് രഹസ്യമായി പോലീസിന്റെയും നിലപാട്.

കഴിഞ്ഞ മൂന്നര മാസമായി രാജ്യത്ത് Covid 19 കേസുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. യൂറോപ്പിലും അമേരിക്കയിലും കോവിഡ് 19 കേസുകളുടെ പെട്ടന്നുണ്ടായ കുതിച്ചുചാട്ടം കണക്കിലെടുക്കുമ്‌ബോള്‍ സമഗ്രമായ മുന്‍കരുതലും നിയന്ത്രണങ്ങളും കര്‍ശനമായ നിരീക്ഷണവും നമ്മുടെ രാജ്യത്തിനുള്ളില്‍ നടത്തേണ്ടതുണ്ട് എന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. പുതുവത്സരവും അതിനോടനുബന്ധിച്ചുള്ള വിവിധ ആഘോഷവേളകളും, ശൈത്യകാലവും പരിഗണിച്ച് നിയന്ത്രണങ്ങള്‍ പരിഗണിക്കണമെന്നാണ് കത്തില്‍ പറയുന്നത്.