കൊറോണ വാക്‌സിന്‍: സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഒരു മരണം

സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡില്‍ കൊറോണ വാക്‌സിന്‍ എടുത്തതിനുശേഷം ആദ്യത്തെ മരണം ഉണ്ടായതായി റിപ്പോര്‍ട്ട്. വാക്‌സിനേഷനുശേഷം യൂറോപ്പില്‍ നടന്ന ആദ്യത്തെ മരണമാണിതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലൂസെര്‍ണ്‍ കന്റോണിലെ ഒരു നഴ്‌സിംഗ് ഹോമിലെ അന്തേവാസിയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ക്രിസ്മസ് ദിവസം അദ്ദേഹത്തിന് വാക്‌സിനേഷന്‍ നല്‍കിയതായും രണ്ട് ദിവസത്തിന് ശേഷം വേദനയുണ്ടെന്ന് പരാതിപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

സംഭവം വിവാദമായതോടെ ആരോഗ്യ വിദഗ്ദ്ധര്‍ കേസ് ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുകയും പഠിക്കുകയുമാണ്. സംഭവത്തെക്കുറിച്ചു തങ്ങള്‍ക്കു അറിവുണ്ടെന്നാണ് കാന്റണ്‍ ലൂസെര്‍ണിലെ ആരോഗ്യവകുപ്പിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞത്. വക്താവ് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല.

വാക്സിനുകളുടെ അംഗീകാരത്തിന്റെ ഉത്തരവാദിത്തമുള്ള സ്വിസ്‌മെഡിക് ഏജന്‍സിക്ക് അധികൃതര്‍ ഇതിനോടകം റിപ്പോര്‍ട്ട് നല്‍കി എന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ഇത് വാക്‌സിനുമായി നേരിട്ട് ബന്ധമുള്ള കേസ് ആണോ എന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഇതുവരെ, ഫൈസര്‍, ബയോടെക് വാക്‌സിനേഷനുകള്‍ മാത്രമേ സ്വിറ്റ്‌സര്‍ലന്‍ഡില്‍ അംഗീകരിച്ചിട്ടുള്ളൂ. അതും കൃത്യമായ സുരക്ഷാനടപടികള്‍ ഉറപ്പാക്കിയതിനിശേഷമാണ് അനുവാദം നല്‍കിയിരിക്കുന്നത്. സ്വിസ്‌മെഡിക് വാക്‌സിനുകളുടെ സുരക്ഷ സൂക്ഷ്മമായി നിരീക്ഷിക്കുകയും സുരക്ഷാ പ്രശനങ്ങള്‍ ഉണ്ടായാല്‍ നടപടിയെടുക്കുകയും ചെയ്യും.