നെയ്യാറ്റിന്‍കര സംഭവം ; പൊലീസ് അക്കാദമി വെബ്‌സൈറ്റ് സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തു

നെയ്യാറ്റിന്‍കര സംഭവത്തില്‍ പ്രതിഷേദം എന്നോണം കേരള പൊലീസ് അക്കാദമിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഇന്ന് ഉച്ചേയോടെ ആണ് സൈറ്റ് ഹാക്ക് ചെയ്തത്. കേരള സൈബര്‍ വാരിയേഴ്‌സ് ആണ് സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ഭീഷണിക്കിടെ പൊള്ളേലേറ്റ് മരിച്ച രാജന്റെ മകന്‍ പൊലീസിന് നേരെ വിരല്‍ ചൂണ്ടുന്ന ചിത്രമാണ് വെബ് സൈറ്റില്‍ ഇപ്പോള്‍ കാണുവാന്‍ കഴിയുക.

കാക്കിക്കുള്ളിലെ ക്രിമിനലുകളെ പുറത്താക്കുക എന്നാണ് സൈറ്റില്‍ എഴുതിയിരിക്കുന്നത്. ഒപ്പം കേരള പൊലീസിനെ നവീകരിക്കുക എന്നുമാണ് സൈറ്റില്‍ എഴുതിയിരിക്കുന്നത്. സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വഷണം ആരംഭിച്ചതായി മധ്യേമേഖല ഡി ഐ ജി എസ് സുരേന്ദ്രന്‍ വ്യക്തമാക്കി. കേരള വാരിയേഴ്‌സിന്റെ ഫേസ്ബുക്ക് പേജിലും പൊലീസ് സേനയെ സംശുദ്ധമാക്കണെന്ന കുറിപ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

നെയ്യാറ്റിന്‍കരയില്‍ പൊള്ളലേറ്റു മരിച്ച ദമ്പതികളുടെ മകന്‍ അച്ഛനെ അടക്കാന്‍ കുഴി വെട്ടുന്ന സമയത്ത് പൊലീസ് മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കുഴി വെട്ടുന്നത് നിര്‍ത്താന്‍ പൊലീസ് മകന്റെ അടുത്ത് ആവശ്യപ്പെടുമ്പോള്‍, ‘നിങ്ങളാണ് എന്റെ അച്ഛനെ കൊന്നതെന്നും ഇനി അമ്മ കൂടിയേ മരിക്കാനുള്ളൂ’ എന്ന് മകന്‍ മറുപടി നല്‍കുന്നുണ്ട്. അപ്പോള്‍ ‘അതിനു ഞാന്‍ എന്തു വേണം’ എന്നായിരുന്നു പൊലീസുകാരന്റെ പ്രതികരണം.

ഇതിനെതിരെ പൊലീസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. കൂടാതെ മരിച്ച രാജന്റെ പേരിലും രാജന്റെ ഭാര്യയുടെ മൃതദേഹം പ്രദര്‍ശിപ്പിച്ചു പ്രതിഷേധ സമരം നടത്തിയവര്‍ക്ക് എതിരെയും പോലീസ് കേസ് എടുത്തിരുന്നു. ഇതൊക്കെയാണ് ഹാക്ക് ചെയ്യാന്‍ കാരണമായത്.