മാറി മറിഞ്ഞു മുന്നണി സമവാക്യങ്ങള്‍ ; റാന്നിയില്‍ സി.പി.എമ്മിന് ബി.ജെ.പി പിന്തുണ

ത്രിതല പഞ്ചായത്തുകളില്‍ ഭരണ സമിതികള്‍ അധികാരത്തില്‍ വരുന്നതിനു പിന്നാലെ പ്രതീക്ഷിക്കാത്ത കൂട്ടുകെട്ടുകള്‍ ആണ് പല ഇടങ്ങളിലും കാണുവാന്‍ സാധിക്കുന്നത്. റാന്നിയില്‍ സി.പി.എമ്മിന് ബി.ജെ.പി പിന്തുണ ലഭിച്ചതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. അതുപോലെ ഇതു വരെ നറുക്കെടുപ്പ് നടന്ന പഞ്ചായത്തുകളില്‍ ഏറെയും യു.ഡി.എഫിനാണ് ലഭിച്ചത്. വയനാട് ജില്ലാ പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെ യു.ഡി.എഫ് പിടിച്ചു. ഷംസാദ് മരക്കാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും.

റാന്നി പഞ്ചായത്തില്‍ ബി.ജെ.പി പിന്തുണയോടെ എല്‍.ഡി.എഫ് അധികാരത്തില്‍ വന്നു. കേരള കോണ്‍ഗ്രസ് അംഗത്തെ പ്രസിഡന്റാക്കി. പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്തില്‍ എസ്.ഡി.പി.ഐ വോട്ട് എല്‍.ഡി.എഫിന് ചെയ്തു. പ്രസിഡന്റ് സ്ഥാനം സ്വീകരിക്കില്ലെന്ന് സി.പി.എം അറിയിച്ചു. പത്തനംതിട്ട ചിറ്റാര്‍ പഞ്ചായത്തില്‍ അട്ടിമറി. എല്‍.ഡി.എഫ് പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്റായി. കോണ്‍ഗ്രസിലെ സജി കുളത്തിങ്കല്‍ പ്രസിഡന്റായി.

കോഴിക്കോട് അഴിയൂര്‍ പഞ്ചായത്തില്‍ രണ്ട് എസ്.ഡി.പി.ഐ അംഗങ്ങളുടെ പിന്തുണ എല്‍.ഡി.എഫിന് ലഭിച്ചു. ഇതോടെ യു.ഡി.എഫ്-എല്‍.ഡി.എഫ് കക്ഷിനില തുല്യമായി. ഭരണം നിശ്ചയിക്കാന്‍ നറുക്കെടുപ്പ് തുടങ്ങി. എസ്.ഡി.പി.ഐയുടെ പിന്തുണയോടെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ ലീഗിന് ഭരണം ലഭിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ എല്‍.ഡി.എഫിന്റെ ബേബി ബാലകൃഷ്ണന്‍ പ്രസിഡന്റാകും.കാസര്‍കോട് മുളിയാര്‍ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ എല്‍.ഡി.എഫിന് ഭരണം നേടി.

തൃശൂര്‍ പാവറട്ടി ഗ്രാമപഞ്ചായത്തില്‍ അട്ടിമറിയിലൂടെ ഇടതുമുന്നണിക്ക് ഭരണം ലഭിച്ചു. യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിന്ധു അനില്‍കുമാര്‍ ഇടതുപക്ഷ പിന്തുണയോടെ വിജയിച്ചു. കണ്ണൂര്‍ നടുവില്‍ പഞ്ചായത്തില്‍ അട്ടിമറി. ഡി.സി.സി സെക്രട്ടറി ബേബി ഓടംപള്ളി കൂറുമാറി എല്‍.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റായി. മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളും ഒരു കോണ്‍ഗ്രസ് വിമതയും ബേബിയെ പിന്തുണച്ചു.