തിരുവനന്തപുരത്ത് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന്റെ ചിത്രങ്ങള്‍ പുറത്തു ; മകനെതിരെ കേസ് വേണ്ട എന്ന് ‘അമ്മ

തിരുവനന്തപുരം വര്‍ക്കല ഇടവയിലാണ് ഞെട്ടിക്കുന്ന സംഭവ. മദ്യലഹരിയിലെത്തി അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന്റെ വീഡിയോ ആണ് പുറത്തു വന്നത് . കരഞ്ഞു നിലവിളിച്ചു കൊണ്ട് നിലത്തിരുന്ന കരയുന്ന സ്ത്രീയെ ഒരു യുവാവ് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇടവ തുഷാരമുക്ക് സ്വദേശി റസാഖ് (27) എന്നയാളാണ് ഇതെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് സംഭവം നടന്നതെന്നാണ് സൂചന.

ഇതിന്റെ ദൃശ്യങ്ങള്‍ ഈയടുത്താണ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചത്. ദൃശ്യങ്ങളില്‍ കാണുന്ന യുവാവിന്റെ സഹോദരി തന്നെയാണ് വീഡിയോ പകര്‍ത്തിയതെന്നാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. റസാഖ് വീട്ടിലെ സ്ഥിര താമസക്കാരനല്ലെന്നും ഇടയ്ക്ക് വന്നു പോകുന്ന ആളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഉപദ്രവം പതിവു സംഭവമാണെന്നും സഹികെട്ടാണ് സഹോദരി ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിടാന്‍ തയ്യാറായതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മാതാവിന് നേരെ ആക്രോശിച്ച് കൊണ്ട് മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് കാണാന്‍ സാധിക്കുന്നത്. തുടര്‍ന്ന് ഇവരുടെ സാധനങ്ങള്‍ ഒരു വശത്തിട്ട് കത്തിക്കുകയും ചെയ്യുന്നുണ്ട്. സ്വകാര്യ ബസില്‍ ക്ലീനറായി ജോലി ചെയ്യുന്ന റസാഖ് മദ്യത്തിനും ലഹരി മരുന്നുകള്‍ക്കും അടിമയാണെന്നാണ് പ്രദേശവാസികളുടെ വാക്കുകള്‍ അനുസരിച്ച് ലഭിക്കുന്ന വിവരം. വീഡിയോ വൈറല്‍ ആയതിന് പിന്നാലെ തന്നെ അയിരൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.

എന്നാല്‍ മകനെതിരെ പരാതിയില്ലെന്നാണ് അമ്മയുടെ നിലപാട്. അമ്മയ്ക്ക് പരാതിയില്ലെങ്കിലും ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ വച്ച് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്. ഒളിവില്‍ പോയ റസാഖിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. തനിക്ക് ഇനി ഒന്നും ചെയ്യാനില്ലെന്ന് സഹോദരി പറയുന്നതും ദൃശ്യങ്ങളിലുണ്ട്.