കര്‍ഷക നിയമത്തിനെതിരായ പ്രമേയം ; ബിജെപിയെ വെട്ടിലാക്കി ഒ.രാജഗോപാല്‍
നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിച്ച പ്രമേയത്തിലെ ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പൊതുഅഭിപ്രായത്തെ മാനിചാണ് താന്‍ പ്രമേയത്തെ പിന്തുണച്ചത് എന്ന് ബി ജെ പി എം എല്‍ എ ഓ രാജഗോപാല്‍. പ്രമേയത്തിലെ ചില പരാമര്‍ശങ്ങളെ എതിര്‍ക്കുന്നു. കേരളസഭയുടെ പൊതുവികാരമാണ് പ്രമേയത്തിലുള്ളത്. പ്രമേയം പാസാക്കിയത് ഐകണ്ഠ്യേനയാണെന്നും രാജഗോപാല്‍ പറഞ്ഞു.
നിയമസഭയുടെ പൊതു അഭിപ്രായത്തെ താന്‍ മാനിച്ചു. സഭയില്‍ സംസാരിക്കാന്‍ സമയം ലഭിച്ചപ്പോള്‍ തന്റെ അഭിപ്രായം പറഞ്ഞു. നിയമ സഭ കൊണ്ടുവന്ന പ്രമേയത്തില്‍ ചില വ്യത്യാസങ്ങളുണ്ടായിരുന്നു. അതിനെ ചൂണ്ടിക്കാണിക്കുകയാണ് സഭയില്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രമേയം ശബ്ദവോട്ടോടെ പാസാക്കിയപ്പോള്‍ ബിജെപി അംഗം ഒ രാജഗോപാല്‍ നിയമസഭയിലുണ്ടായിരുന്നിട്ടും എതിര്‍ത്തിരുന്നില്ല.
എന്നാല്‍ പ്രമേയത്തെ പിന്തുണച്ച നിലപാടില്‍ വിശദീകരണവുമായി രാജഗോപാല്‍ രംഗത്ത് വന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ നിയമസഭാ പ്രമേയത്തെ എതിര്‍ത്തിരുന്നുവെന്ന് ഒ.രാജഗോപാല്‍ പറഞ്ഞു. കക്ഷിനേതാക്കളുടെ പ്രസംഗത്തില്‍ പറഞ്ഞതാണ് തന്റെ നിലപാട്. അനുകൂലിക്കുന്നവരെയും എതിര്‍ക്കുന്നവരെയും സ്പീക്കര്‍ വേര്‍തിരിച്ചു ചോദിച്ചില്ല. ഒറ്റചോദ്യമായി ചുരുക്കിയ സ്പീക്കറുടെ നടപടി കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്നും രാജഗോപാല്‍ പറഞ്ഞു.
കേന്ദ്രനിയമങ്ങള്‍ പിന്‍വലിക്കണമെന്ന പ്രമേയത്തോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് തീര്‍ച്ചയായും, അതുകൊണ്ടാണല്ലോ വോട്ട് ചെയ്യാതിരുന്നത് എന്നായിരുന്നു രാജഗോപാലിന്റെ മറുപടി. കേന്ദ്രനിയമം പിന്‍വലിക്കണമെന്ന് ബിജെപി എംഎല്‍എ ആവശ്യപ്പെടുന്നതില്‍ ഒരു പ്രശ്നവുമുള്ളതായി തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു.