മലയാളികളെ കടക്കെണിയിലാക്കി ഓണ്‍ലൈന്‍ വായ്പാ കുരുക്ക്

മലയാളികളുടെ ജീവിതത്തില്‍ പിടിമുറുക്കി ഓണ്‍ലൈന്‍ വായ്പ കുരുക്ക്. ലോക്ക്ഡൗണ്‍ കാലത്ത് ചെറിയ തുക പോലും വായ്പയെടുത്തവര്‍ ലക്ഷങ്ങളാണ് തിരിച്ചടക്കുന്നത്. തിരിച്ചടവ് വൈകിയാല്‍ ഫോണിലൂടെ ഭീഷണിയും മറ്റുമാണ്. മാനസിക സമ്മര്‍ദ്ദം കാരണം ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചതായി ഇരകള്‍ വെളിപ്പെടുത്തുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ജോലി നഷ്ടമായതോടെയാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഓണ്‍ലൈന്‍ ആപ്പുകളെ വായ്പക്കായി ഇവര്‍ ആശ്രയിച്ചത്. ഒന്നരലക്ഷം രൂപയോളം വിവിധ ആപ്പുകളില്‍ നിന്ന് വായ്പയെടുത്തു. എന്നാല്‍ ജി എസ് ടി യും പ്രോസസിങ് ഫീസും ഒക്കെ കഴിഞ്ഞ് ഒരു ലക്ഷം രൂപ മാത്രമാണ് പലര്‍ക്കും ലഭിച്ചത്.

എന്നാല്‍ പലിശ ഉള്‍പ്പെടെ തിരിച്ചടയ്‌ക്കേണ്ടത് മൂന്നു ലക്ഷത്തി നാല്‍പതിനായിരം രൂപ. രണ്ടേകാല്‍ ലക്ഷം രൂപയോളം അടച്ചു കഴിഞ്ഞിട്ടും ബാക്കിയുള്ള തുകക്കായി ഭീഷണി തുടരുകയാണ്.അടവ് മുടങ്ങിയാല്‍ പ്രതിദിനം 400 രൂപ വരെ പലിശ ഇടയാക്കും. ഹിന്ദിയിലാണ് ഭീഷണിയെന്നും ഇരകള്‍ പറഞ്ഞു. ഫോണിലെ വീഡിയോ ഫോട്ടോസ് കോണ്‍ടാക്ട് നമ്പര്‍ എന്നിങ്ങനെ വ്യക്തിഗത വിവരങ്ങള്‍ അടക്കം ഓണ്‍ലൈന്‍ വായ്പ സംഘം നേരത്തെ കൈക്കലാക്കും വായ്പ മുടങ്ങിയാല്‍ ഫോട്ടോസ് ഉള്‍പ്പെടെ ദുരുപയോഗം ചെയ്യുമെന്നുമാണ് ഭീഷണി. വായ്പയെടുത്തവരുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് മറ്റൊരു വാട്‌സ്ആപ്പ് അക്കൗണ്ട് തുടങ്ങുകയും കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ളവരെ അടക്കം തെറ്റിദ്ധരിപ്പിക്കുകയും ചെയ്യും. കടം വാങ്ങി മുങ്ങിയതായി ഫോട്ടോ പ്രചരിപ്പിച്ച് അപമാനിക്കും.