എല്ലാ കോളുകളും സൗജന്യമാക്കി ജിയോ

പുതു വര്‍ഷത്തില്‍ വമ്പന്‍ ഓഫറുകളുമായി ജിയോ. റിലയന്‍സ് ജിയോ ഉപേക്ഷിക്കാനുള്ള കര്‍ഷകരുടെ ആഹ്വാനം ശക്തി പ്രാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇളവുകളുമായി ഉപയോക്താക്കളെ തിരിച്ചുപിടിക്കാന്‍ ജിയോ രംഗത് എത്തിയത്. നാളെ മുതല്‍ (ജനുവരി ഒന്ന്) രാജ്യത്ത് എല്ലാ നെറ്റ്വര്‍ക്കുകളിലേക്കുമുള്ള കോളുകള്‍ സൗജന്യമാക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്.

ബില്‍ ആന്‍ഡ് കീപ്പ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ട്രായി (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ)യുടെ നിര്‍ദേശ പ്രകാരം ഇത് നടപ്പാക്കുന്നതെന്നും ജിയോ അറിയിച്ചു. ഇതോടെ രാജ്യത്തിനകത്ത് ഏത് നെറ്റ് വര്‍ക്കുകളിലേക്കും ഇനി സൗജന്യമായി വിളിക്കാം. ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ് (ഐ.യു.സി)എന്നറിയപ്പെടുന്ന നിരക്ക് 2019 സെപ്തംബര്‍ മുതലാണ് ജിയോ ഈടാക്കി തുടങ്ങിയത്. 2021 ജനുവരി മുതല്‍ ഇത് നിര്‍ത്തലാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

2019 സെപ്റ്റംബറില്‍, ബില്‍&കീപ്പ്ഭരണം നടപ്പാക്കാനുള്ള സമയപരിധി 2020ജനുവരി 1ന് ട്രായ് നീട്ടിയപ്പോള്‍, ജിയോക്ക് ഉപഭോക്താക്കളില്‍ നിന്ന് ഓഫ്-നെറ്റ് വോയ്‌സ്‌കോളുകള്‍ ഈടാക്കുന്നത് ആരംഭിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമിലായിരുന്നു. അങ്ങനെ ചെയ്യുമ്പോള്‍, ട്രായ് ഐയുസി ചാര്‍ജുകള്‍ നിര്‍ത്തലാക്കുന്നതു വരെ മാത്രമേ ഈ ചാര്‍ജ് തുടരുമെന്ന് ജിയോ ഉപയോക്താക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇന്ന്, ജിയോ ആ വാഗ്ദാനംപാലിക്കുകയും ഓഫ്-നെറ്റ് വോയ്‌സ്‌കോളുകള്‍ വീണ്ടും സൗജന്യമാക്കുകയും ചെയ്തു.
അതെ സമയം ജിയോയുടെ പുതിയ നീക്കത്തിനെതിരെ പരിഹാസവും പ്രതികരണവുമായി നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ രംഗത്തുവന്നത്. കര്‍ഷകരുടെ രോഷത്തില്‍ പൊള്ളിയോ എന്നാണ് നിരവധി പേര്‍ പ്രതികരണം അറിയിച്ചത്.