‘ആ വെട്ട് ‘ ഹൃദയത്തില്‍ തറച്ച കരിങ്കല്‍ ചീളുകള്‍

ജോസിലിന്‍ തോമസ്, ഖത്തര്‍

കഷ്ടപ്പാടിന്റെ കനലില്‍ ചവിട്ടി നില്‍ക്കുമ്പോഴും ഹൃദയം നിറയെ കാരുണ്യത്തിന്റെ കടല്‍ സൂക്ഷിച്ചിരുന്ന രാജന്‍ യാത്രയായി. കുബേരന്മാര്‍ പോലും കാശില്ലെന്ന ന്യായം പറഞ്ഞ് കാരുണ്യ പ്രവൃത്തികളില്‍ നിന്ന് മാറി നില്‍ക്കുന്ന ഇന്നത്തെ കാലത്ത്, സ്വന്തമായി കിടപ്പാടം ഇല്ലാതെ ഇരുന്നിട്ടും കുടുംബം നോക്കാന്‍ കഠിനമായി അദ്ധ്വാനിച്ചു കിട്ടിയ പണത്തില്‍ നിന്ന് ഒരു വിഹിതം മിച്ചം പിടിച്ച് സഹജീവികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്ന രാജന്‍. ഹൃദയത്തില്‍ ഇത്രയും നന്മ ഉണ്ടായിരുന്ന രാജന്‍ സമ്പന്നന്‍ അല്ലെന്ന് പറയാന്‍ ആര്‍ക്ക് കഴിയും ?. എന്നാല്‍ ജീവിതത്തില്‍ രാജന്‍ കണ്ട പലരും കരുണവറ്റിയ കണ്ണുകളും കല്ലായ ഹൃദയവും ഉള്ളവര്‍ ആയിരുന്നു. മൂന്ന് സെന്റ് സ്ഥലത്തിന്റെ അവകാശത്തിനായി രാജന്റെയും ഭാര്യയുടെയും വിയോഗത്തിനു ശേഷം വീറോടെ വാദിക്കുന്ന അയല്‍ക്കാരി. വിശന്ന് വന്ന് ഭക്ഷണം കഴിക്കാന്‍ ഇരുന്ന രാജന് ഊണ് കഴിക്കാന്‍ പോലും സാവകാശം കൊടുക്കാതെ നിയമം നടപ്പിലാക്കാന്‍ ശ്രമിച്ച നിയമപാലകര്‍. പെട്രോള്‍ ഒഴിച്ച് നില്‍ക്കുന്ന ആളുടെ അടുത്തേയ്ക്ക് തീ പടരാന്‍ സഹായിക്കുന്ന യാതൊന്നും ചെയ്യരുതെന്ന സാമാന്യബോധം പോലും പിന്നീട് അവര്‍ കാണിച്ചില്ല. രാജന്റെ വിയോഗശേഷം ആംബുലന്‍സ് വിളിക്കാന്‍ ഉള്ള പണം പോലും കൊടുത്ത് സഹായിക്കാന്‍ സന്മനസ് കാണിക്കാതെ ആ മക്കളെ കടം മേടിക്കുന്ന അവസ്ഥയില്‍ എത്തിച്ച ഞാനും കൂടി ഉള്‍പ്പെടുന്ന പൊതുജനം. സ്വന്തം പിതാവിനായി കുഴിവെട്ടിയ 18 കാരന്‍ രെഞ്ജിത് രാജ് വെട്ടിയ വെട്ടുകള്‍ എല്ലാം ഹൃദയമുള്ളവരുടെ മനസിലേയ്ക്ക് ആഞ്ഞു തറച്ച കരിങ്കല്‍ ചീളുകള്‍ ആയി മാറി. പാവപ്പെട്ടവന് നീതി കിട്ടണമെങ്കില്‍ അവന്‍ മരിക്കണമെന്ന സ്ഥിയാണ് ഇന്ന് നിലവില്‍ ഉള്ളത്. ചില ചെറിയ വിട്ടുവീഴ്ചകള്‍, അല്പം മനുഷ്യത്വത്തിന്റെ സ്‌നേഹസ്പര്‍ശം ഇതൊക്കെയുണ്ടായിരുന്നെങ്കില്‍ രാഹുലിനും രഞ്ജിതിനും സ്വന്തം മാതാപിതാക്കളെ നഷ്ടപ്പെടില്ലായിരുന്നു. കുട്ടികള്‍ക്ക് സാമ്പത്തികസഹായം കൊടുക്കാന്‍ നമ്മള്‍ക്ക് കഴിയുമെങ്കിലും അവരുടെ എല്ലാമെല്ലാമായിരുന്ന അച്ഛനെയും അമ്മയെയും തിരികെ കൊടുക്കാന്‍ ആര്‍ക്ക് കഴിയും. കുഞ്ഞുങ്ങള്‍ക്ക് ആദ്യമായി മനുഷ്യത്വത്തിന്റെ പാഠങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ രാജനെപ്പോലെ എല്ലാവര്‍ക്കും കഴിയട്ടെ എന്നാഗ്രഹിക്കുന്നു. എങ്കില്‍ മാത്രമേ പണത്തിന് പരമപ്രാധാന്യം കല്‍പ്പിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കാതിരിക്കാനും ഇത്തരം ഹൃദയഭേദകമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഒരു പരിധിവരെ കഴിയുകയുള്ളു. ജീവിതകാലത്ത് എത്ര പടവെട്ടിയാലും ആറടി മണ്ണില്‍ കൂടുതല്‍ അവകാശം ഒന്നും അവസാനകാലത്ത് അടക്കം ചെയ്യപ്പെടുമ്പോള്‍ ആര്‍ക്കും കിട്ടില്ല എന്ന സത്യം നമ്മള്‍ക്ക് മറക്കാതെയിരിക്കാം.