നാളെ മുതല്‍ സ്‌കൂളുകള്‍ തുറക്കുന്നു ; കെ.എസ്.ആര്‍.ടി.സി മുഴുവന്‍ സര്‍വീസുകളും , പാസഞ്ചര്‍ ട്രെയിനുകളും ഓടി തുടങ്ങും

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ മുതല്‍ ഭാഗികമായി തുറക്കും. കോവിഡില്‍ താഴു വീണ സ്‌കൂളുകള്‍ 9 മാസത്തെ ഇടവേളക്ക് ശേഷമാണ് തുറക്കുന്നത്. ക്ലാസുകളില്‍ പങ്കെടുക്കാന്‍ രക്ഷിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധമാണ്. എന്നാല്‍ ഹാജര്‍ നിര്‍ബന്ധമാക്കിയിട്ടില്ല.

ഒരു ക്ലാസിലെ പകുതി കുട്ടികള്‍ ഒരു സമയം എന്ന രീതിയിലാണ് ക്രമീകരണം. ആദ്യത്തെ ആഴ്ച ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ ക്ലാസുകള്‍ ക്രമീകരിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം നല്‍കി. 10, 12 ക്ലാസുകളില്‍ 300ല്‍ കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ ഒരേസമയം 25% കുട്ടികളെ അനുവദിക്കുന്നതാണ് ഉചിതമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

സ്‌കൂളുകളില്‍ മാസ്‌ക്, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, സാനിറ്റൈസര്‍, സോപ്പ് എന്നിവ സജ്ജീകരിക്കണം. രാവിലെ 3 മണിക്കൂര്‍, ഉച്ചയ്ക്കുശേഷം 3 മണിക്കൂര്‍ വീതമുള്ള 2 ഘട്ടങ്ങളായാണ് ക്ലാസുകള്‍ നിശ്ചയിക്കേണ്ടത്. കൂടാതെ നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി പഴയത് പോലെ മുഴുവന്‍ സര്‍വീസുകളും പുനരാരംഭിക്കും. ബസുകളുടെ അറ്റകുറ്റ പണികള്‍ നടക്കുകയാണ്. അതുപോലെ നിര്‍ത്തിവച്ച പാസഞ്ചര്‍ ട്രെയിനുകളും ഓടിത്തുടങ്ങുന്നതോടെ റെയില്‍വേ മേഖലയും ഉണരും.