അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ (90) നടത്തിയ സീരിയല്‍ കില്ലര്‍ മരിച്ചു
പി.പി. ചെറിയാന്‍
ലോസ്ആഞ്ചലസ്: അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ (90) നടത്തിയ സീരിയല്‍ കില്ലര്‍ സാമുവേല്‍ ലിറ്റില്‍ ഡിസംബര്‍ 29-നു ബുധനാഴ്ച രാവിലെ ആശുപത്രയില്‍ വച്ചു മരിച്ചതായി കലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കറക്ഷന്‍സ് ആന്‍ഡ് ആന്റി റീഹാബിലിറ്റേഷന്‍ വക്താവ് അറിയിച്ചു. മരണം സംശയാസ്പദമല്ലെങ്കിലും അന്വേഷണം നടത്തിവരുന്നു.
മുന്‍ ഗുസ്തി താരമായ ഇദ്ദേഹം 1970 മുതല്‍ 2005 വരെയുള്ള കാലയളവില്‍ പത്തൊമ്പത് സംസ്ഥാനങ്ങളിലായി കൊന്നുതള്ളിയവരുടെ എണ്ണം 90 ആണ്. കലിഫോര്‍ണിയയിലും ഫ്ളോറിഡയിലുമാണ് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയതെന്ന് ലിറ്റില്‍ കുറ്റസമ്മതത്തില്‍ പറഞ്ഞു.
കൊല്ലപ്പെട്ടവിര്‍ ഭൂരിഭാഗവും രോഗികളും, മയക്കുമരുന്നിന് അടിമകളുമായിരുന്നു. ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടുന്നു. ലിറ്റിന്റെ കുറ്റസമ്മതത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് ശരിയാണെന്ന് തെളിയുകയും ചെയ്തു. കൊല ചെയ്യപ്പെട്ട പലരുടേയും മൃതദേഹങ്ങള്‍ കണ്ടെത്താനായില്ല.
1980 മുതല്‍ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു ജീവപര്യന്തം ശിക്ഷ പരോളില്ലാതെ അനുഭവിച്ചുവരികയായിരുന്നു. 2014-ലായിരുന്നു ആദ്യമായി ഇയാള്‍ക്ക് ശിക്ഷ ലഭിച്ചത്. ഒരിക്കല്‍ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ ‘ലോകത്തില്‍ എന്നെപ്പോലെ ഞാന്‍ മാത്രമേയുള്ളു. അത് ഒരു അഭിമാനമായല്ല മറിച്ച് ശാപമായി ഞാന്‍ കരുതുന്നു’ എന്ന് പറഞ്ഞിരുന്നു.