ബോബി ചെമ്മണ്ണൂര്‍ നല്‍കിയ സ്ഥലം വേണ്ട എന്ന് കുട്ടികള്‍
ബോബി ചെമ്മണ്ണൂര്‍ വാങ്ങി നല്‍കുന്ന സ്ഥലം തങ്ങള്‍ക്ക് വേണ്ട എന്ന് നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കള്‍. നിയമപരമായി വാങ്ങാനോ വില്‍ക്കാനോ കഴിയാത്ത ഭൂമിയാണ് ഇതെന്നും സര്‍ക്കാര്‍ പട്ടയം നല്‍കാമെന്ന് പറഞ്ഞതിനാല്‍ അങ്ങനെയേ ഭൂമി സ്വീകരിക്കൂ എന്നും കുട്ടികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭൂമിയുടെ അവകാശി എന്നവകാശപ്പെടുന്ന വസന്തയുടെ കൈവശം ഭൂമി അവരുടേതാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഇല്ലെന്ന വിവരാവകാശ രേഖ തങ്ങളോടുണ്ട്. അവരുടെ പേരില്‍ പട്ടയം ഇല്ല. അതുകൊണ്ട് തന്നെ ഈ ഭൂമി അവര്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയില്ല.
ബോബി ചെമ്മണ്ണൂര്‍ ഇതുവരെ ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല. സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കും. ഇവിടെ ഒരു വീടൊരുക്കണം. വസന്ത എന്ന സ്ത്രീ ബോബി ചെമ്മണ്ണൂരിനെ തെറ്റിദ്ധരിപ്പിച്ചാണ് സ്ഥലം കച്ചവടം ചെയ്തിരിക്കുന്നത്. അദ്ദേഹത്തോട് ഇക്കാരങ്ങള്‍ അറിയിക്കുമെന്നും കുട്ടികള്‍ പറഞ്ഞു. വസന്തയില്‍ നിന്ന് ബോബി ചെമ്മണ്ണൂര്‍ ഭൂമി വാങ്ങിയിരുന്നു. ദമ്പതികളുടെ മക്കള്‍ക്ക് ഇവിടെത്തന്നെ ബോബി വീട് വെച്ചു നല്‍കും. കുട്ടികളെ തത്കാലം തന്റെ വീട്ടില്‍ താമസിപ്പിക്കുമെന്നും വീട് പണി പൂര്‍ത്തിയായാല്‍ അവരെ തിരികെ കൊണ്ടുവരുമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞിരുന്നു.
എന്നാല്‍ താന്‍ വിലയ്ക്ക് വാങ്ങിയതാണ് ഭൂമി എന്നും തന്നെ ഏതെങ്കിലും തരത്തില്‍ വസന്ത കബളിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ നിയമ നടപടിയെടുക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി. കേസുകളെല്ലാം പിന്‍വലിക്കാമെന്നാണ് വസന്ത ഉറപ്പ് നല്‍കിയെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഇന്നാണ് നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമിയും വീടും മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് വേണ്ടി ബോബി ചെമ്മണ്ണൂര്‍ വിലയ്ക്ക് വാങ്ങിയത്. രാവിലെ എഗ്രിമെന്റ് എഴുതി. വൈകുന്നേരം 5.30ന് എഗ്രിമെന്റ് കൈമാറാന്‍ വന്നപ്പോഴാണ് കുട്ടികള്‍ നിലപാട് വ്യക്തമാക്കിയത്. വീട് ഉടന്‍ പുതുക്കിപ്പണിയുമെന്നും അതുവരെ കുട്ടികളുടെ പൂര്‍ണ സംരക്ഷണം ഏറ്റെടുക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ പറയുകയുണ്ടായി.
ഈ മാസം 22നാണ് നെയ്യാറ്റിന്‍കരയില്‍ രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമീപവാസിയായ സ്ത്രീയുമായുള്ള തര്‍ക്കമാണ് കേസിലേക്ക് എത്തിച്ചത്. തുടര്‍ന്ന് കുടുംബത്തെ ഇവിടെ നിന്ന് ഒഴിപ്പിക്കാന്‍ ഉത്തരവായി. ഇതിന് പിന്നാലെ പൊലീസ് എത്തിയതോടെ പൊലീസിനെ പിന്‍തിരിപ്പിക്കാന്‍ രാജന്‍ ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ പൊലീസ് തട്ടിമാറ്റുന്നതിനിടെ തീ പടര്‍ന്നുപിടിച്ച് ഇരുവരും മരണപ്പെടുകയായിരുന്നു.