പാണത്തൂര്‍ അപകടം; മരണം ഏഴായി; അപകടത്തില്‍പ്പെട്ടത് കര്‍ണാടക സ്വദേശികള്‍
കാസര്‍ഗോഡ് കാഞ്ഞങ്ങാട് പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം ഏഴായി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് . ഇതില്‍ 16 പേരുടെ നില ഗുരുതരമാണെന്നാണ് സൂചന ലഭിക്കുന്നത്. മരിച്ചവരില്‍ കുട്ടികളുമുണ്ട്. കര്‍ണാടകത്തിലെ ഈശ്വരമംഗലത്ത് നിന്നും അതിര്‍ത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
കര്‍ണാടകയില്‍ നിന്നും കാസര്‍ഗോഡ് പാണത്തൂരിലേക്ക് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ വധുവിന്റെ വീട്ടുകാരാണ് അപകടത്തില്‍ പെട്ടത്. വാഹനത്തില്‍ 56 പേരുണ്ടായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂടംകല്ല് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം ലഭിക്കുന്നത്. കൂടാതെ പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
12 മണിയോടെയായിരുന്നു അപകടമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബസ് അമിത വേഗത്തിലായിരുന്നുവെന്നും കണ്ടുനിന്നവര്‍ പറയുന്നുണ്ട്. കുത്തനെയുള്ള ഇറക്കം ഇറങ്ങിവരെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വീടിന് മുകളിലേക്ക് മറിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടം നടന്നയുടനെ ഓടിയെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
അര്‍ധമൂല സ്വദേശി നാരായണ നായിക്കിന്റെ മകന്‍ ശ്രേയസ് (13), സുള്ള്യ സ്വദേശി രവിചന്ദ്ര (40), ഭാര്യ ജയലക്ഷ്മി (39), ബെല്‍നാട് സ്വദേശി രാജേഷ് (45) ബണ്ട്വാള്‍ സ്വദേശി ശശിധരപൂജാരി(43) പുത്തൂര്‍ സ്വദേശിനി സുമതി (50), പുത്തൂര്‍ സ്വദേശി ആദര്‍ശ് (14) എന്നിവരാണ് മരിച്ചത്.