ചൈനീസ് സര്‍ക്കാരുമായി ഇടഞ്ഞ ആലിബാബ സ്ഥാപകനെ രണ്ട് മാസമായി കാണാനില്ല
ലോകോത്തര ടെക് കമ്പനിയായ ആലിബാബയുടെ സ്ഥാപകനും ചൈനീസ് ശതകോടീശ്വരനുമായ ജാക്ക് മായെ രണ്ട് മാസമായി കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് മായും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള ആന്റ് ഗ്രൂപ്പും നിയന്ത്രണത്തിലാണ്. ഇതിനു പിന്നാലെയാണ് ജാക്ക് മായെ കാണാതാകുന്നത്.
തന്റെ സ്വന്തം ടാലന്റ് ഷോ ആയ ആഫ്രിക്കാസ് ബിസിനസ് ഹീറോയുടെ അവസാന എപ്പിസോഡിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ആഫ്രിക്കയിലെ മികച്ച സംരംഭകരെ കണ്ടെത്താന്‍ നടത്തിയ ഷോയുടെ അവസാന എപ്പിസോഡ് നവംബറീലായിരുന്നു. ഈ എപ്പിസോഡില്‍ ആലിബാബ എക്‌സിക്യൂട്ടിവ് ആണ് അദ്ദേഹത്തിനു പകരം എത്തിയത്. കഴിഞ്ഞ മാസം ആലിബാബ ഗ്രൂപ്പിനെതിരെ ചൈന അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ലോകമെമ്പാടും നിക്ഷേപമുള്ളയാളാണ് ജാക്ക് മാ. ഇന്ത്യയില്‍ പെടിഎം, സൊമാറ്റോ അടക്കമുള്ള ആപ്പുകളിലും അദ്ദേഹത്തിനു നിക്ഷേപമുണ്ട്. ചൈനീസ് സര്‍ക്കാരിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ആന്റ് ഗ്രൂപ്പിനെതിരെ പ്രതികാര നടപടികളുമായി ചൈനീസ് സര്‍ക്കാരും രംഗത്തുവന്നിരുന്നു.
ഈ സര്‍ക്കാര്‍ ഇടപെടല്‍ അദ്ദേഹത്തിന്റെ കമ്പനികളെ വലിയ തോതില്‍ തന്നെ ബാധിച്ചിരുന്നു. ഓഹരി മൂല്യം കുറഞ്ഞതോടെ കനത്ത സാമ്പത്തിക നഷ്ടവും മായ്ക്ക് നേരിടേണ്ടി വന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അദ്ദേഹത്തെ കാണാനില്ലെന്ന അഭ്യൂഹവും പരക്കുന്നത്. അദ്ദേഹത്തെ ആരെങ്കിലും തട്ടിക്കൊണ്ടു പോവുകയോ അല്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയോ ചെയ്തിരിക്കാം എന്നാണ് മുഖ്യമായി ഉയരുന്ന സംശയം.
പല കാര്യങ്ങളിലും കടുത്ത നിയന്ത്രണങ്ങള്‍ ഉള്ള ചൈനയില്‍ അഭിപ്രായങ്ങള്‍ മടി കൂടാതെ തുറന്നു പറയുന്ന ആളുകളിലൊരാളായാണ് ജാക്ക് മാ വിശേഷിപ്പിക്കപ്പെടുന്നത്. ചൈനയുടെ ബാങ്കിംഗ് നിയന്ത്രണങ്ങളെയടക്കം കടുത്ത ഭാഷയില്‍ വിമര്‍ശിച്ച അദ്ദേഹം രാജ്യത്തെ വ്യാപാര നിയന്ത്രണ കൗണ്‍സില്‍ കാലാഹരണപ്പെട്ട വ്യവസ്ഥകളിലാണ് പ്രവര്‍ത്തിക്കുന്നതെന്നും വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വ്യവസായ നടപടികളില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായത്.