സംസ്ഥാനത്തു വീണ്ടും പക്ഷിപ്പനി ; സ്ഥിതീകരിച്ചത് ആലപ്പുഴയിലും കോട്ടയത്തും

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയിലും കോട്ടയത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകളുടെ 8 സാംപിളുകള്‍ ഭോപ്പാലില്‍ പരിശോധിച്ചതില്‍ അഞ്ചെണ്ണത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചുവെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ രാജു അറിയിച്ചു. ഇന്നലെയാണ് പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. താറാവുകള്‍ ചത്ത പരിധിയിലുള്ള ഒരു കിലോമീറ്ററിനുള്ളില്‍ വരുന്ന പക്ഷികളെ നശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. അലങ്കാര പക്ഷികള്‍, വളര്‍ത്തു പക്ഷികള്‍ ഉള്‍പ്പെടെ ഇതില്‍ വരും. കര്‍ഷകര്‍ക്ക് സംഭവിച്ച നഷ്ടപരിഹാരം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴ കുട്ടന്‍ നാടന്‍ മേഖലയിലും കോട്ടയത്ത് നീണ്ടൂരുമാണ് H5N8 എന്ന വൈറസ് രോഗം സ്ഥിരീകരിച്ചതെന്ന് മന്ത്രി കെ.രാജു അറിയിച്ചു. ഈ പ്രദേശങ്ങളില്‍ കൂട്ടത്തോടെ താറാവുകള്‍ ചത്തിരുന്നു. ഇതേ തുടര്‍ന്നാണ് ഭോപ്പാല്‍ ലാബിലേക്ക് അയച്ച് പരിശോധന നടത്തിയത്. എട്ട് സാമ്പിളുകളില്‍ അഞ്ച് എണ്ണത്തില്‍ രോഗം സ്ഥിരീകരിച്ചു.

വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ച മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ടെങ്കിലും ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്ന വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര നിര്‍ദ്ദേശ പ്രകാരം തുടര്‍ നടപടി സ്വീകരിക്കും. മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാന്‍ കരുതല്‍ നടപടിയെടുത്തിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ആലപ്പുഴ- കോട്ടയം ജില്ലകളില്‍ കളക്ടര്‍ മാരുടെ നേത്യത്വത്തില്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കി.