ഗെയില്‍ പൈപ്പ് ലൈന്‍ ; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും ; ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ
ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. കേരള സംസ്ഥാനത്തിന്റെ വികസന ചരിത്രത്തില്‍ നാഴികക്കല്ലാകുകയാണ് 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊച്ചി – മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗെയ്ല്‍ പൈപ്പ് ലൈന്‍ ഉദ്ഘാടനം ചെയ്യുക.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കര്‍ണാടക ഗവര്‍ണര്‍ വാജഭായ് വാല, മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ, കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രധാന സ്റ്റേഷനായ കുറ്റനാട് നിന്നാണ് മംഗ്ലൂരുവിലേക്ക് 354 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ ആരംഭിക്കുന്നത്. കൊച്ചിയില്‍ നിന്ന് തൃശൂര്‍ വഴി പാലക്കാട് കുറ്റനാട് വരെയുള്ള പൈപ്പ് ലൈന്‍ 2019 ജൂണിലാണ് കമ്മീഷന്‍ ചെയ്തിരുന്നത്.
450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൈപ്പ് ലൈന്‍ കൊച്ചിയിലെ എല്‍ എന്‍ ജി റീ ഗ്യാസിഫിക്കേഷന്‍ ടെര്‍മിനലില്‍ നിന്ന് വാതകം മംഗലാപുരത്തെത്തിക്കും. 3000 കോടി രൂപ ചിലവ് വരുന്ന പദ്ധതി പരിസ്ഥിതി സൗഹൃദമാണ്. ഒപ്പം കുറഞ്ഞ ചിലവില്‍ പ്രകൃതി വാതകം വീടുകള്‍ക്കും, വ്യവസായങ്ങള്‍ക്കും എത്തിക്കുകയും ചെയ്യുന്നതാണ് ഗെയ്ല്‍ പൈപ്പ് ലൈന്‍.
പ്രകൃതിവാതക പൈപ്പ് ലൈന്‍ പൂര്‍ത്തിയായതോടെ സംസ്ഥാനത്തിന്റെ വ്യാവസായിക വളര്‍ച്ചക്കും അതുവഴി സാമ്പത്തിക വികസനത്തിനും വലിയ സാധ്യതയാണ് തുറന്നു കിട്ടിയിരിക്കുന്നത്. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും ചെലവു കുറഞ്ഞ ഇന്ധനം ലഭ്യമാകുന്നത് എല്‍.പി.ജി, പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധിച്ചു കൊണ്ടിരിക്കുമ്പോള്‍ വലിയ ആശ്വാസമാകും.