വ്യാജ വാഗ്ദാനം നല്‍കിയ ധാത്രി കമ്പനിക്കും അഭിനയിച്ച നടനും പിഴ ചുമത്തി കോടതി

പ്രമുഖ ഹെര്‍ബല്‍ കമ്പനി ധാത്രിക്കും നടന്‍ അനൂപ് മേനോനും പിഴയിട്ട് ഉപഭോക്ത്യ കോടതി. വൈലത്തൂര്‍ സ്വദേശി ഫ്രാന്‍സിസ് വടക്കന്‍ നല്‍കിയ പരാതിയിലാണ് നടന്‍ അനൂപ് മേനോന്‍, ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍, ഡീലറായ മെഡിക്കല്‍ ഷോപ്പ് ഉടമ എന്നിവര്‍ക്ക് കോടതി പിഴ ശിക്ഷ വിധിച്ചത്. ധാത്രിയും അനൂപ് മേനോനും പതിനായിരം രൂപ വീതം പിഴ അടയ്ക്കണം. ഉല്‍പ്പന്നം വിറ്റ വൈലത്തൂരിലെ എ വണ്‍ മെഡിക്കല്‍സ് ഉടമയ്ക്ക് മൂവായിരം രൂപയാണ് പിഴ വിധിച്ചത്. ഉത്പ്പന്നത്തിന്റെ ഗുണനിലവാരം ബോധ്യമാകാതെ പരസ്യത്തില്‍ അഭിനയിച്ചെന്നാണ് അനൂപ് മേനോനെതിരായ കുറ്റം. അനൂപ് മേനോനെ വിസ്തരിച്ചപ്പോള്‍ താന്‍ ധാത്രി ഉപയോഗിച്ചിട്ടില്ലെന്നും വീട്ടില്‍ നിന്ന് കാച്ചിയ എണ്ണയാണ് ഉപയോഗിക്കാറുളളതെന്നുമായിരുന്നു മറുപടി.

 

ആറ് ആഴ്ച കൊണ്ട് മുടി വളരുമെന്ന പരസ്യം കണ്ടിട്ടാണ് ധാത്രി ഹെയര്‍ ഓയില്‍ വാങ്ങി ഉപയോഗിച്ചതെന്നും മാസങ്ങള്‍ പിന്നിട്ടിട്ടും ഒന്നും സംഭവിച്ചില്ലെന്നും നിയമപോരാട്ടം നടത്തി വിജയിച്ച ഫ്രാന്‍സിസ് വടക്കന്‍. തുടര്‍ച്ചയായി ഹെയര്‍ ഓയില്‍ വാങ്ങുന്നത് കണ്ട് നാട്ടുകാര്‍ കളിയാക്കി. ഇതോടെ പോരാടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഫ്രാന്‍സിസ് പറഞ്ഞു. 2013 മുതല്‍ ധാത്രി ഉപയോഗിച്ചു. ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് ധാത്രിക്ക് നോട്ടീസ് അയച്ചു. അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. ഇതിന് പിന്നാലെ കമ്പനി പരസ്യം ഒഴിവാക്കി. ധാത്രിക്കെതിരെ പരാതി നല്‍കാനോ നഷ്ടപരിഹാരം ആവശ്യപ്പെടാനോ അവകാശമില്ലെന്നായിരുന്നു കമ്പനിയുടെ മറുപടി. കോടതിയെ സമീപിച്ചാല്‍ നഷ്ടപരിഹാരം ഈടാക്കുമെന്നും കമ്പനി അറിയിച്ചു.

കമ്പനിയുടെ മറുപടി ലഭിച്ചതിന് ശേഷം അഭിഭാഷകനെ കണ്ട് നിയമനടപടി സ്വീകരിച്ചു. നടന്‍ അനൂപ് മേനോന്‍ എത്താന്‍ കഴിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കോടതി അനൂപിന്റെ വീട്ടിലെത്തി. കേസ് കൊടുത്തതെന്തിനാണെന്നായിരുന്നു അനൂപ് മേനോന്റെ ചോദ്യം. താന്‍ ധാത്രി ഉപയോഗിച്ചിട്ടില്ലെന്നും അമ്മ കാച്ചി തരുന്ന എണ്ണയാണ് ഉപയോഗിക്കുന്നതെന്നും അനൂപ് മേനോന്‍ കോടതിയെ അറിയിച്ചുവെന്നും ഫ്രാന്‍സിസ് പറയുന്നു. ഗുണനിലവാരം നോക്കിയല്ല പലരും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത്. പണത്തിന് വേണ്ടിയല്ല താന്‍ നിയമനടപടി സ്വീകരിച്ചത്. ഇത്തരം പരസ്യങ്ങള്‍ക്കെതിരെ പ്രതികരിക്കണമെന്ന് ജനങ്ങളെ ബോധവത്കരിക്കുന്നതിനായിട്ടായിരുന്നു ശ്രമമെന്നും ഫ്രാന്‍സിസ് പറയുന്നു.

നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധാത്രി കമ്പനിക്ക് ആദ്യം നോട്ടീസ് അയച്ചെങ്കിലും അവരുടെ നിഷേധാത്മക നിലപാട് കൊണ്ടാണ് കേസുമായി മുന്നോട്ട് പോയതെന്നാണ് അദ്ദേഹം പറയുന്നത്. ‘പ്രൊഡക്റ്റ് ഉപയോഗിച്ചിട്ട് മുടി വളരുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു. ആ പ്രതീക്ഷയിലാണ് ഹെയര്‍ ഓയില്‍ വാങ്ങിയത്. ഫലം കിട്ടാതെ ആയതോടെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. നോട്ടീസ് കിട്ടിയ കമ്പനി അവരുടെ അഡ്വക്കേറ്റ് മുഖെന മറുപടി അയച്ചു. നിങ്ങള്‍ക്ക് ക്ലെയിം ചെയ്യാനുള്ള അധികാരം ഇല്ല. ഞങ്ങള്‍ക്കെതിരെ കേസ് കൊടുത്താല്‍ ഞങ്ങള്‍ നിങ്ങള്‍ക്കെതിരെ കേസ് കൊടുക്കും. ക്ലെയിം ചെയ്യാനോ നഷ്ടപരിഹാരം അവകാശപ്പെടാനോ നിങ്ങള്‍ക്ക് അവകാശമില്ലെന്നും പറഞ്ഞു ഇതോടെയാണ് സ്യൂട്ട് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചത്’ എന്നാണ് ഫ്രാന്‍സിസ് പറയുന്നത്.

തുടര്‍ന്ന് തൃശ്ശൂരിലെ അഭിഭാഷകനായ എ.ഡി.ബെന്നി വഴി സ്യൂട്ട് ഫയല്‍ ചെയ്തു. ‘ഏത് പരസ്യം ആയാലും നമ്മളെ പറ്റിക്കല്‍ തന്നെയാണ്. ഇവിടെ സ്വന്തമായി അനുഭവം വന്നപ്പോള്‍ പ്രതികരിക്കാം എന്നു തീരുമാനിച്ചു. ആദ്യ സിറ്റിംഗ് കഴിഞ്ഞപ്പോള്‍ കമ്പനി ഒത്തുതീര്‍പ്പിലെത്താമെന്ന് പറഞ്ഞെങ്കിലും നൂറു രൂപയെങ്കിലും നഷ്ടപരിഹാരം വാങ്ങുമെന്ന് പറഞ്ഞു. കാരണം അവരുടെ അഭിഭാഷകന്റെ മറുപടി ഇഷ്ടമായില്ല. ആ ഒറ്റകാരണം കൊണ്ടാണ് മുന്നോട്ട് പോയത്. ഇപ്പോള്‍ ഏഴുവര്‍ഷത്തിന് മുകളില്‍ ആയി’.