പ്രവാസികള്‍ക്ക് ഇ-ബാലറ്റിലൂടെ വോട്ടിങ് : വിദേശകാര്യ മന്ത്രാലയം
പ്രവാസികള്‍ക്ക് ഇ-ബാലറ്റിലൂടെ വോട്ടിങ് അനുവദിക്കാമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശിപാര്‍ശ വിദേശകാര്യമന്ത്രാലയം അംഗീകരിച്ചു. ഇക്കാര്യത്തില്‍ പ്രവാസി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച നടത്തും. പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനായി സാങ്കേതികവും ഭരണപരവുമായി കമ്മീഷന്‍ സജ്ജമായെന്ന് കഴിഞ്ഞ നവംബറില്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. പ്രവാസികള്‍ക്ക് ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയത്. ഈ ശിപാര്‍ശയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അംഗീകരിച്ചത്.
കമ്മിഷന്‍ വിശദീകരിക്കുന്നത് അനുസരിച്ച് വിദേശത്തുള്ള ഇന്ത്യന്‍ പൗരന്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനുള്ളില്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നതായി റിട്ടേണിങ് ഓഫീസറെ അറിയിക്കണം. റിട്ടേണിങ് ഓഫീസര്‍ ബാലറ്റ് പേപ്പര്‍ ഇമെയിലിലൂടെ വോട്ടര്‍ക്ക് അയക്കണം. ബാലറ്റ് പേപ്പര്‍ പ്രിന്റ് ചെയ്‌തെടുത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം താമസിക്കുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസി സാക്ഷ്യപത്രം കൂടി ചേര്‍ത്ത് തിരിച്ചയക്കണം. ബാലറ്റ് പേപ്പര്‍ നേരിട്ട് അയക്കുകയാണോ എംബസിക്ക് കൈമാറുകയാണോ എന്ന കാര്യം കമ്മിഷന്‍ വ്യക്തമാക്കിയിട്ടില്ല. മറ്റ് നടപടി ക്രമങ്ങള്‍ കൂടി തീര്‍ക്കാനായാല്‍ 2021നിയമ സഭ തെരഞ്ഞെടുപ്പില്‍ മലയാളി പ്രവാസികള്‍ക്കും വോട്ട് ചെയ്യാനാകും.
വിദേശ കാര്യ മന്ത്രലയത്തിന്റെ അനുമതി ലഭിച്ചതോടെ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളുമായും പ്രവാസി സംഘടനകളുമായും കമ്മീഷന്‍ ചര്‍ച്ച നടത്തും. വോട്ടെടുപ്പ് നടത്തുന്നത് സംബന്ധിച്ചാകും ചര്‍ച്ച. പ്രവാസി ഇന്ത്യക്കാര്‍ക്ക് പോസ്റ്റല്‍ വോട്ടിങ് സാധ്യമാകണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ 1961ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തില്‍ ഭേദഗതി കൊണ്ട് വരണം. ഭേദഗതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമില്ലെന്നതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചത്.