കൊല്ലത്ത് നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിനിടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം കല്ലുവാതുക്കലില്‍ ആണ് സംഭവം.കല്ലുവാതുക്കല്‍ ഊഴായിക്കോട് ക്ഷേത്രത്തിന് സമീപം രണ്ടുദിവസം പ്രായമുള്ള ആണ്‍ കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ക്ഷേത്രത്തിന് സമീപമുള്ള വീട്ടുപറമ്പില്‍ കരിയില കൂട്ടത്തിനിടയില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ പോലീസ് ഏറ്റെടുത്ത് പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

കുഞ്ഞിന് ചെറിയ രീതിയിലുള്ള ശ്വാസതടസ്സമുണ്ടതിനെ തുടര്‍ന്ന് ഐസിയുവിലാക്കി. രാവിലെ ആറരയോടെയാണ് കുഞ്ഞിനെ കണ്ടതെന്ന് പ്രദേശവാസി പറഞ്ഞു. പൊക്കിള്‍കൊടിയോടെയുള്ള കുഞ്ഞായിരുന്നു. ഉറുമ്പരിക്കാനും തുടങ്ങിയിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. ആശങ്കപ്പെടാനുള്ള സാചര്യമില്ലെന്നും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.