കൊല്ലത്ത് കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ചു
കൊല്ലത്ത് കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ചു. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വെച്ചാണ് രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കൊല്ലം കല്ലുവാതുക്കല്‍ ഊഴായിക്കോട് ക്ഷേത്രത്തിന് സമീപമുള്ള ഒരു വീട്ടുപറമ്പിലെ കരിയിലയ്ക്കിടയില്‍ ഉപേക്ഷിച്ച നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
മൂന്ന് കിലോ തൂക്കമുള്ള ആണ്‍കുഞ്ഞിനെയാണ് കണ്ടെത്തിയത്. കുഞ്ഞിനെ പോലീസ് ഏറ്റെടുത്ത് പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണെന്നാണ് ആദ്യം ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ചെറിയ രീതിയിലുള്ള ശ്വാസതടസ്സമുണ്ടതിനെ തുടര്‍ന്ന് ഐസിയുവിലാക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കുഞ്ഞിനെ പിന്നീട് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അവിടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ കുഞ്ഞ് മരിക്കുകയായിരുന്നു.
രാവിലെ ആറരയോടെയാണ് കുഞ്ഞിനെ കണ്ടതെന്ന് പ്രദേശവാസി പറഞ്ഞു. പൊക്കിള്‍കൊടിയോടെയുള്ള കുഞ്ഞായിരുന്നു. ഉറുമ്പരിക്കാനും തുടങ്ങിയിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നവരെ പറ്റി വിശദമായ അന്വേഷണം നടത്തുകയാണ് പോലീസ്.