തീയറ്ററുകളില്‍ മുഴുവന്‍ സീറ്റിലും കാണികള്‍ ; തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടിക്കെതിരെ കേന്ദ്രം
പൊങ്കല്‍ പ്രമാണിച്ചു സിനിമാ തീയറ്ററുകളില്‍ മുഴുവന്‍ സീറ്റിലും കാണികളെ അനുവദിച്ച തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടിക്കെതിരെ കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്‌നാട് സര്‍ക്കാരിന് കത്തയച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അണ്‍ലോക്ക് മാനദണ്ഡങ്ങള്‍ പ്രകാരം തീയറ്ററുകളില്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനാണ് അനുമതി. കണ്ടെയ്ന്‍മെന്റ് സോണില്‍ തീയറ്ററുകള്‍ തുറക്കരുതെന്നും ഉത്തരവുണ്ട്. ഈ ഉത്തരവ് ജനുവരി 31 വരെ നിലവിലുണ്ട്. ഇതിനിടെയാണ് തീയറ്ററുകളില്‍ മുഴുവന്‍ സീറ്റിലും കാണികളെ അനുവദിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വിജയ് നായകനാകുന്ന മാസ്റ്റര്‍ എന്ന സിനിമയുടെ റിലീസ് സംബന്ധിച്ചാണ് സര്‍ക്കാര്‍ എല്ലാ സീറ്റിലും കാണികളെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്.