കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്തല്‍ ; WHOയുടെ വിദഗ്ധ സംഘത്തിന് ചൈന പ്രവേശനം നല്‍കിയില്ല
ലോകത്തിനു തന്നെ നാശം വിതച്ച കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കാന്‍ ലോകാരോഗ്യ സംഘടന നിയോഗിച്ച വിദഗ്ധ സംഘത്തിന് രാജ്യത്ത് പ്രവേശിക്കാന്‍ ചൈന അനുമതി നല്‍കിയില്ല. അവസാന നിമിഷം വിദഗ്ധ സംഘത്തിന് പ്രവേശനാനുമതി നിഷേധിച്ച ചൈനയുടെ നടപടി ഏറെ നിരാശാജനകമാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി.
സംഘത്തിലെ രണ്ട് പേര്‍ നിലവില്‍ ചൈനയിലേക്ക് പുറപ്പെട്ട് കഴിഞ്ഞു. എന്നാല്‍. മറ്റുള്ളവര്‍ക്ക് അവസാന നിമിഷം യാത്രതിരിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും WHOയുടെ തലവന്‍ പറഞ്ഞു. വിദഗ്ധ സംഘത്തിന് പ്രവേശനാനുമതി നല്‍കുന്ന കാര്യത്തില്‍ ചൈനീസ് അധികൃതര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വൈകിയാണ് അറിഞ്ഞത്. മുതിര്‍ന്ന ചൈനീസ് അധികൃതരുമായി സംസാരിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെയും രാജ്യാന്തര സംഘത്തിന്റെയും പ്രഥമ ദൗത്യം ഇതാണെന്ന് അവരെ അറിയിക്കുകയും ചെയ്തു. പ്രവേശന അനുമതി നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ചൈന എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്, ടെഡ്രോസ് പറഞ്ഞു.
മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കാന്‍ പത്തംഗ വിദഗ്ധ സംഘത്തെ ചൈനയിലേയ്ക്ക് അയയ്ക്കാന്‍ ലോകാരോഗ്യ സംഘടന തീരുമാനിക്കുന്നത്. അമേരിക്ക, ഇന്ത്യ, ഒപ്പം നിരവധി യൂറോപ്യന്‍ രാജ്യങ്ങളും കൊറോണ വൈറസ് വ്യാപനത്തില്‍ ചൈനയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ചൈനയിലെ വുഹാനില്‍ ഉത്ഭവിച്ച വൈറസിന്റെ വ്യാപനം തടുക്കാന്‍ രാജ്യം ശക്തമായ നടപടികള്‍ കൈക്കൊണ്ടില്ല എന്നത് ലോക രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ലോകാരോഗ്യസംഘടന ചൈനയ്‌ക്കെതിരെ നടപടികള്‍ കൈക്കൊള്ളുന്നതില്‍ വിമുഖത കാട്ടിയിരുന്നു.
എന്നാല്‍, വിസാ ക്ലിയറന്‍സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൂലമാണ് അനുമതി ലഭിക്കാത്തത് എന്നാണ് ലോകാരോഗ്യ സംഘടനാ അടിയന്തര വിഭാഗം ഡയറക്ടര്‍ മൈക്കില്‍ റയാന്‍ പറയുന്നത്. വളരെ വേഗത്തില്‍ തന്നെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും സംഘത്തിന് പ്രവേശനാനുമതി ലഭിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ വിഷയത്തില്‍ ചൈന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല എന്നത് വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.