കൊവിഡ് വാക്‌സിന്‍ ; രാജ്യത്തെ രണ്ടാമത്തെ ട്രയല്‍ റണ്‍ വെള്ളിയാഴ്ച
രാജ്യത്തെ കൊവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായുള്ള രണ്ടാമത്തെ ട്രയല്‍ റണ്‍ വെള്ളിയാഴ്ച നടക്കും. മുഴുവന്‍ ജില്ലകളിലും ട്രയല്‍ റണ്‍ നടക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ജനുവരി രണ്ടിനായിരുന്നു ആദ്യത്തെ ട്രയല്‍ റണ്‍ നടന്നത്.കേരളം അടക്കം രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ട്രയല്‍ റണ്‍ നടന്നിരുന്നു.
കേരളത്തില്‍ തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, കിംസ് ആശുപത്രി, ഇടുക്കി വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ട്രയല്‍ റണ്‍ നടന്നത്.
വാക്‌സിന്‍ നല്‍കുന്നതിനുള്ള മുന്‍ഗണന പട്ടിക തയാറാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നേരത്തേ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, മുന്നണി പ്രവര്‍ത്തകര്‍, പ്രായമായവര്‍, ഗുരുതര അസുഖങ്ങളുള്ളവര്‍ എന്നിങ്ങനെ ക്രമത്തില്‍ 30 കോടി പേര്‍ക്കാണ് വാക്സിന്‍ നല്‍കുക. ഈ മാസം 13ന് രാജ്യത്ത് വാക്‌സിന്‍ വിതരണം തുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.