ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഇബ്രാഹിം കുഞ്ഞിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

പാലാരിവട്ടം കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനു കോടതിയുടെ രൂക്ഷ വിമര്‍ശനം. സംഘടന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി തേടിക്കൊണ്ട് ഇബ്രാഹിം കുഞ്ഞ് നല്‍കിയ അപേക്ഷ പിന്‍വലിച്ച ശേഷം ജാമ്യാപേക്ഷ പരിഗണിക്കാം എന്ന് കോടതി പറഞ്ഞു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന് ചൂണ്ടിക്കാട്ടി ജാമ്യ അപേക്ഷ സമര്‍പ്പിച്ച ശേഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി തേടുന്നത് പരസ്പര വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതുകൊണ്ട്, നോമിനേഷന്‍ നല്‍കാമെങ്കില്‍ ജയിലിലും പോകാമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ആരോഗ്യ കാരണങ്ങള്‍ പരിഗണിച്ചാണ് ഇബ്രാഹിം കുഞ്ഞിന് ജാമ്യം നല്‍കാന്‍ കോടതി തീരുമാനിച്ചത്. എന്നാല്‍ നിലവിലെ ഈ നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ജയിലില്‍ പോയാല്‍ ജീവനോടെ തിരിച്ചുവരാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്ന് ഇബ്രാംഹിം കുഞ്ഞും കോടതിയെ അറിയിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ കോടതി അനുമതി നല്‍കണമെന്നും, സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ മറുപടി നല്‍കാന്‍ സമയം അനുവദിക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷക ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

 

ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ ശക്തമായ എതിര്‍പ്പാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിക്കരുതെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ എംഇഎസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇബ്രാഹിംകുഞ്ഞ് അനുമതി തേടിയതായി ചൂണ്ടിക്കാട്ടി. ആരോഗ്യപ്രശ്‌നങ്ങളെന്ന് ജാമ്യപേക്ഷയില്‍ പറയുന്ന കാര്യങ്ങളും ഇതും പരസ്പരവിരുദ്ധം ആണെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.