കേന്ദ്രസര്‍ക്കാര്‍ സഭാ തര്‍ക്കം പരിഹരിച്ചാല്‍ പിന്തുണ ബിജെപിക്ക് എന്ന് യാക്കോബായ സഭ

ഓര്‍ത്തഡോക്സ് സഭയുമായുളള തര്‍ക്കം കേന്ദ്രസര്‍ക്കാര്‍ പരിഹരിച്ച് തന്നാല്‍ തങ്ങള്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് വ്യക്തമാക്കി യാക്കോബായ സഭ. മലങ്കരസഭ തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ട പശ്ചാത്തലത്തിലാണ് തോമസ് മാര്‍ അലക്സാണ്ട്രിയോസ് മെത്രാപ്പൊലീത്ത നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. സഭയെ സഹായിക്കുന്നവരെ തിരിച്ച് സഹായിക്കും. കേന്ദ്രമാണ് ഇടപെടല്‍ നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതെങ്കില്‍ കൊടിയുടെ നിറം നോക്കാതെ അവരെ സഹായിച്ചിരിക്കുമെന്നും യാക്കോബായ സഭ സമരസമിതി കണ്‍വീനര്‍ തോമസ് മാര്‍ അലക്സാണ്ട്രിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.

സഭ പ്രശ്നം സമവായത്തിലൂടെ പരിഹരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഒരു പ്രതീക്ഷ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. കാര്യശേഷിയുള്ള ഒരു മുഖ്യമന്ത്രി അങ്ങനെ പറയുമ്പോള്‍ തങ്ങള്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ എടുത്ത നിലപാട് ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായിട്ടായിരുന്നു. ഇപ്പോള്‍ അതില്‍ മാറ്റമുണ്ടെന്നാണ് തോന്നലെന്നും അലക്സാണ്ട്രിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.