വാളയാര്‍ കേസ് ; പ്രതികളെ വെറുതെ വിട്ട കീഴ്‌ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി

വിവാദമായ വാളയാര്‍ പീഡനക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട പോക്‌സോ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. കേസില്‍ പുനര്‍ വിചാരണ നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. ആവശ്യമെങ്കില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പ്രതികള്‍ ഈ മാസം 20ന് വിചാരണ കോടതി മുമ്പാകെ ഹാജരാകണം.

പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി വിചാരണ കോടതി ആറ് കേസുകളിലായി നാല് പ്രതികളെയാണ് വെറുതെ വിട്ടത്. കീഴ്‌കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി ആവശ്യമെങ്കില്‍ കൂടുതല്‍ സാക്ഷികളെ വിസ്തരിക്കാന് അനുമതി നല്കി. പോക്‌സോ കോടതികളിലെ ജഡ്ജിമാര്‍ക്ക് പരിശീലനം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച് ജുഡീഷ്യല് അക്കാദമി ചെയര്‍മാന് കോടതി നിര്‍ദേശവും നല്‍കി. കേസില്‍ തുടരന്വേഷണമോ പുനരന്വേഷണമോ വേണമെങ്കില്‍ പോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിക്കണമെന്നും കോടതി ഉത്തരവിലുണ്ട്. തുടരന്വേഷണം സര്‍ക്കാര്‍ ആവശ്യപ്പെടുമെന്ന് സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ പറഞ്ഞു

പുനര്‍ വിചാരണയും തുടരന്വേഷണവും ആവശ്യപ്പെട്ട് സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്. കുട്ടികളുടെ മാതാവും കോടതിയെ സമീപിച്ചിരുന്നു. ഷിബു, വലിയ മധു, ചെറിയ മധു എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കാണിച്ച് നാല് പ്രതികളെയാണ് വിചാരണ കോടതി വെറുതെ വിട്ടത്. അന്വേഷണസംഘത്തിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും ശക്തമായ തെളിവുകള്‍ പരിഗണിക്കാതെയാണ് വിധി പുറപ്പെടുവിച്ചിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നത്.

വാളയാറില്‍ 13 വയസ്സുകാരിയെ 2017 ജനുവരി 13 നും സഹോദരിയായ ഒമ്പതു വയസുകാരിയെ 2017 മാര്‍ച്ച് നാലിനുമാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളുടെ പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. എന്നാല്‍ ആത്മഹത്യ അല്ല കൊലപാതകമാണ് നടന്നത് എന്നാണ് കുട്ടികളുടെ അമ്മയുടെ ആരോപണം. കേസില്‍ തെളിവ് നശിപ്പിച്ചു എന്ന് കാട്ടി കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തിരുന്നു. എന്നാല്‍ സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞ ഉടന്‍ പ്രമോഷനോടെ ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു എന്ന നടപടിക്കും ഈ കേസ് സാക്ഷിയായി.