വൈറ്റില മേല്‍പ്പാലം തുറന്നുകൊടുത്തവര്‍ റിമാന്‍ഡില്‍

വൈറ്റില മേല്‍പ്പാലം അനധികൃതമായി തുറന്നു കൊടുത്ത കേസില്‍ അറസ്റ്റിലായ നാല് പേരെ റിമാന്‍ഡ് ചെയ്തു. പണം കെട്ടി വെക്കാമെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള വി ഫോര്‍ കൊച്ചി പ്രവര്‍ത്തകരുടെ വാദം കോടതി അംഗീകരിച്ചില്ല.ശനിയാഴ്ച മേല്‍പ്പാലം തുറന്നുകൊടുക്കാനിരിക്കെ ഒരു കൂട്ടമാളുകള്‍ ബാരിക്കേഡുകള്‍ നീക്കി വാഹനങ്ങള്‍ കടത്തിവിട്ടത് അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. വി ഫോര്‍ കൊച്ചിയുടെ പ്രവര്‍ത്തകന്‍ നിപുണ്‍ ചെറിയാന്‍ ഉള്‍പ്പെടെ നാലുപേരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ ഗൂഢാലോചനക്കും പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തു.

പ്രതികള്‍ മേല്‍പ്പാലത്തിന്റെ ലൈറ്റ്, വയറിംഗ് , ടാറിങ് ഉള്‍പ്പെടെയുള്ളവക്ക് കേടുപാടുകള്‍ വരുത്തിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. ഒന്നര ലക്ഷം രൂപക്ക് മുകളില്‍ നാശനഷ്ടം സംഭവിച്ചെന്നാണ് പൊതുമരാമത്തു വകുപ്പിന്റെ പരാതിയില്‍ പറയുന്നത്. അതേസമയം എന്ത് നഷ്ടമാണ് ഉണ്ടായത് എന്ന ചോദ്യത്തിന് രേഖാമൂലം മറുപടി ഇല്ലായിരുന്നു. ഇതിനെ തുടര്‍ന്ന് നാളെ മഹസര്‍ സഹിതം പ്രതികളെ ഹാജരാക്കാന്‍ മജിസ്ട്രേറ്റ് നിര്‍ദ്ദേശം നല്‍കി. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും അറിയിച്ചു. ഇതിനിടെ അറസ്റ്റില്‍ പ്രതിഷേധവുമായി എത്തിയ വി ഫോര്‍ കൊച്ചി പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ മരട് ജഗ്ഷനില്‍ ഉന്തും തള്ളും ഉണ്ടായി.