ഡോളര്‍ കേസ് ; സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്ത് വിട്ടയച്ചു
ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട കേസില്‍ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. എട്ടര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കസ്റ്റംസ് അയ്യപ്പനെ വിട്ടയച്ചത്. ഇന്ന് രാവിലെ 10.30 നാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ വച്ചായിരുന്നു ചേദ്യം ചെയ്യല്‍. ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെ അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തത്.
കഴിഞ്ഞ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും വിവിധ കാരണങ്ങള്‍ കാട്ടി അയ്യപ്പന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനിടെ അയ്യപ്പന് നോട്ടീസ് നല്‍കിയ നടപടി ചോദ്യം ചെയ്ത് നിയമസഭാ സെക്രട്ടറി തന്നെ കസ്റ്റംസിന് കത്ത് നല്‍കിയിരുന്നു. നിയമ സഭാ സെക്രട്ടറിയുടെ വാദങ്ങള്‍ തള്ളിയ കസ്റ്റംസ് ഇന്ന് ഹാജരാകുവാന്‍ ആവശ്യപ്പെടുകയായിരുന്നു. അതേസമയം, കെ അയ്യപ്പനെ ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് അറിയിച്ചു.