കേന്ദ്രം ഇടപെട്ടു ; തിയറ്ററുകളില്‍ 100 % സീറ്റിലും പ്രേക്ഷകരെ പ്രവേശിപ്പിക്കാനുള്ള തീരുമാനം തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിച്ചു

സംസ്ഥാനത്തെ തിയറ്ററുകളില്‍ മുഴുവന്‍ സീറ്റിലും പ്രേക്ഷകരെ പ്രവേശിപ്പിക്കാനുള്ള തീരുമാനം തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിച്ചു. കേന്ദ്ര സര്‍ക്കാര്‍ എതിര്‍പ്പറിയിക്കുകയും വലിയ പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള തിയറ്ററുകളില്‍ 50 ശതമാനം സീറ്റില്‍ ആളെ ഇരുത്തി സിനിമകള്‍ പ്രദര്‍ശിപ്പിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തിയറ്ററുകളിലെ 100 ശതമാനം സീറ്റിലും ആളുകളെ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. എല്ലാവശവും പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. തുടര്‍ന്നാണ് തിയറ്ററുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയത്.

ഉത്തരവ് പ്രകാരം 100 ശതമാനം സീറ്റിലും പ്രേക്ഷകരെ അനുവദിച്ച തീരുമാനം റദ്ദാക്കി. തിയറ്ററുകളിലെ പകുതി സീറ്റില്‍ ആളുകളെ ഇരുത്തി സിനിമ പ്രദര്‍ശിപ്പിക്കാം. അതേസമയം തിയറ്ററുകള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും ഉണ്ടാകുന്ന നഷ്ടം നികത്താനായി കൂടുതല്‍ ഷോകള്‍ നടത്താം എന്ന നിര്‍ദ്ദേശവും സര്‍ക്കാരിന്റെ പുതിയ ഉത്തരവിലുണ്ട്.