കോവിഡ് വാക്സിന്‍ വിതരണം ജനുവരി 16 മുതല്‍

രാജ്യത്തു ജനുവരി 16 മുതല്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണിപ്പോരാളികളായ മറ്റ് വിഭാഗക്കാര്‍ക്കുമാണ് നല്‍കുന്നത്. മൂന്ന് കോടിയോളം വരുന്ന ഇവര്‍ക്കാണ് ആദ്യം വാക്സിന്‍ നല്‍കുക.പിന്നാലെ 50 വയസിനു മുകളിലുള്ളവരെയും മറ്റു രോഗങ്ങള്‍ ഉള്ളവരെയും പരിഗണിക്കും.

ഏതാണ്ട് 27 കോടിയോളം പേര്‍ക്കാണ് ഇത്തരത്തില്‍ വാക്സിന്‍ നല്‍കുകയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നീ വാക്‌സിനുകള്‍ക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. വാക്‌സിനേഷന്‍ നടപ്പാക്കുന്നതിന് മുന്നോടിയായി രാജ്യവ്യാപകമായി ഡ്രൈ റണ്ണുകള്‍ സംഘടിപ്പിച്ചിരുന്നു.പ്രധാനമന്ത്രിക്ക് പുറമെ കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

കേരളത്തിലും 16നു തന്നെ വാക്‌സീന്‍ വിതരണം ആരംഭിക്കും. സംസ്ഥാനത്ത് 133 വാക്‌സീന്‍ വിതരണ കേന്ദ്രങ്ങളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. എറണാകുളം 12, തിരുവനന്തപുരം, കോഴിക്കോട് 11 വീതം, മറ്റുജില്ലകള്‍ 9 വീതം എന്നിങ്ങനെയാണ് വാക്‌സീന്‍ വിതരണ കേന്ദ്രങ്ങള്‍.