വി. എസ് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഒഴിയുന്നു

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി. എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ സ്ഥാനമൊഴിയും. ഇതിനു മുന്നോടിയായി കവടിയാറിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞ വി എസ് ബാര്‍ട്ടണ്‍ ഹില്ലിലെ മകന്റെ വീട്ടിലേക്ക് താമസം മാറ്റി.

ആരോഗ്യ പ്രശ്നമാണ് ചുമതല ഒഴിയാന്‍ കാരണം. സ്ഥാനമൊഴിയുന്നതിന്റെ ഭാഗമായി ചുമതലകളെല്ലാം അദ്ദേഹം പെട്ടെന്ന് നിര്‍വ്വഹിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. 2016 ആഗസ്റ്റ് മുതലാണ് വി.എസ് ഭരണപരിഷ്‌ക്കരണ കമ്മീഷന്റെ അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. ഈ കാലയളവില്‍ സര്‍ക്കാരിന് ആറ് റിപ്പോര്‍ട്ട് അദ്ദേഹം സമര്‍പ്പിച്ചിരുന്നു. രണ്ട് റിപ്പോര്‍ട്ടുകള്‍ കൂടി നല്‍കാനുണ്ട്.

ഇന്നലെയാണ് ഔദ്യോഗിക വസതിയില്‍ നിന്നും മകന്റെ വീട്ടിലേക്ക് താമസം മാറ്റിയത്. ആലപ്പുഴയിലെ വീട്ടിലേക്കു മാറുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും പിന്നീട് അത് വേണ്ടെന്നു വച്ചു. വിഎസിന് ആലപ്പുഴയിലേക്കു മടങ്ങാന്‍ താല്‍പര്യമുണ്ടെങ്കിലും ചികില്‍സയുടെ സൗകര്യത്തിനാണ് തിരുവനന്തപുരത്തു തന്നെ തുടരാന്‍ തീരുമാനിച്ചത്.അരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പ്രചാരണത്തിനിറങ്ങുകയോ വോട്ട് രേഖപ്പെടുത്തുകയോ ചെയ്തിരുന്നില്ല.