ഷോപ്പിയാനിലെ വ്യാജ ഏറ്റുമുട്ടല്‍ ; നിരപരാധികളെ കൊലപ്പെടുത്തിയത് പാരിതോഷികം ലഭിക്കാന്‍ എന്ന് കുറ്റപത്രം

ജമ്മുവിലെ ഷോപ്പിയാനില്‍ മൂന്നു യുവാക്കളെ സൈനിക ക്യാപ്റ്റന്റെ നേതൃത്വത്തില്‍ വെടിവച്ചു കൊന്നത് 20 ലക്ഷം രൂപ പാരിതോഷികം ലഭിക്കാന്‍ വേണ്ടിയെന്ന് കുറ്റപത്രം. 62 രാഷ്ട്രീയ റൈഫിള്‍സ് ക്യാപ്റ്റന്‍ ഭൂപേന്ദ്ര സിങ്ങിന്റെ നേതൃത്വത്തില്‍ ജൂലൈ 18നായിരുന്നു വ്യാജ ഏറ്റുമുട്ടല്‍ നടന്നത്. ഹിന്ദുസ്ഥാന്‍ ടൈംസാണ് കുറ്റപത്രത്തെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റജൗരി സ്വദേശികളായ ഇംതിയാസ് അഹ്മദ് (20) , അബ്റാര്‍ അഹ്മദ് (25), മുഹമ്മദ് അബ്റാര്‍ (16) എന്നിവരാണ് കൊല്ലപ്പെട്ടിരുന്നത്. സംഭവത്തില്‍ ക്യാപ്റ്റന്‍ ഭൂപേന്ദ്ര സിങ്, തദ്ദേശവാസികളായ താബിഷ് നസീര്‍, ബിലാല്‍ അഹ്മദ് ലോണ്‍ എന്നിവരാണ് പ്രതിസ്ഥാനത്തുള്ളത്. 1400 പേജ് വരുന്ന കുറ്റപത്രമാണ് മൂവര്‍ക്കുമെതിരെ ഷോപിയാന്‍ മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചത്.

നേരത്തെ തയ്യാറാക്കിയ വാഹനത്തില്‍ യുവാക്കളെ വെടിവയ്പ്പ് നടന്ന സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു. വാഹനത്തില്‍ നിന്നിറക്കി മുമ്പോട്ടു നടക്കാന്‍ ആവശ്യപ്പെട്ട ശേഷം പിന്നില്‍ നിന്ന് വെടിവെച്ചു മൂവരെയും കൊലപ്പെടുത്തി. കൊലപ്പെടുത്തിയ ശേഷം അനധികൃതമായി കൈക്കലാക്കിയ ആയുധങ്ങള്‍ ഇവരുടെ അരികില്‍ ഉപേക്ഷിക്കുകയായിരുന്നു. രണ്ട് പിസ്റ്റളുകള്‍, തിരകള്‍, നാല് ഒഴിഞ്ഞ പിസ്റ്റര്‍ കാട്രിഡ്ജുകള്‍, 15 സജീവ കാട്രിഡ്ജുകള്‍ തുടങ്ങിയവയാണ് ഇവര്‍ക്കരികില്‍ ഉപേക്ഷിച്ചത്.

ഏറ്റുമുട്ടലില്‍ ഇവര്‍ കൊല്ലപ്പെട്ടു എന്ന് പ്രചരിപ്പിക്കുകയായിരുന്നു. മേലുദ്യോഗസ്ഥരെ വിശ്വസിപ്പിക്കാനായി തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തു. യുവാക്കളുടെ കൊലപാതകത്തിന് എതിരെ രജൗരിയില്‍ ശക്തമായ പ്രതിഷേധം അരങ്ങേറിയിരുന്നു. കൊല്ലപ്പെട്ടവരെ തീവ്രവാദികള്‍ എന്ന് മുദ്രകുത്തി താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടു പോകുകയായിരുന്നു. പിന്നീടാണ് ഏറ്റുമുട്ടലിലൂടെ ഇവരെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നത്.