അഭയയുടെ ആത്മാവ് സ്വപ്നത്തില്‍ വന്നു സത്യം വെളിപ്പെടുത്തി എന്ന് ധ്യാനഗുരു
ഡിവൈന്‍ ധ്യാനകേന്ദ്രം സ്ഥാപകനും ധ്യാനഗുരുവുമായ ഫാ മാത്യു നായ്ക്കംപറമ്പില്‍ ആണ്
സിസ്റ്റര്‍ അഭയയെ ആരും കൊന്നതല്ലെന്നും അഭയ ആത്മഹത്യ ചെയ്തതല്ലെന്നും കള്ളനെ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണെന്നും എന്നുമുള്ള പ്രസ്താവനകളുമായി എത്തിയിരിക്കുന്നത്. വിശ്വാസികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് ഇദ്ദേഹത്തിന്റെ പരാമര്‍ശം.
അഭയയുടെ ആത്മാവ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതായുള്ള ഒരാളുടെ വാട്‌സാപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നാണ് ഫാ മാത്യു നായ്ക്കംപറമ്പില്‍ പറയുന്നത്. അഭയയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പോരാടിയ ജോമോന്‍ പുത്തന്‍ പുരയ്ക്കലാണ് വൈദികന്റെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
അഭയ കേസിലെ പ്രതികളെ രക്ഷപെടുത്താന്‍ വേണ്ടി ന്യായീകരണ തൊഴിലാളികള്‍ ആയിട്ടുള്ള ചിലര്‍ നുണ ഫാക്ടറി നിര്‍മിക്കുന്നവരാണ് എന്ന് പറഞ്ഞത് അക്ഷരം പ്രതി ശരി വെക്കുന്നതാണ് മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലെ ഫാ:മാത്യു നായ്ക്കംപറമ്പില്‍ വിശ്വാസികളെ പറ്റിക്കുന്ന വീഡിയോ എന്നു പറഞ്ഞാണ് വീഡിയോ പങ്കു വച്ചിരിക്കുന്നത്.
വൈദികന്‍ പ്രസംഗത്തില്‍ പറയുന്നത് , ‘പ്രിയപ്പെട്ടവരേ, ഈ ദിവസങ്ങളില്‍ ഒരു വാട്‌സാപ്പ് വാര്‍ത്ത വന്നത് ഞാന്‍ ഓര്‍ക്കുകയാണ്. അത് മരിച്ചുപോയ സിസ്റ്റര്‍ അഭയയുടെ പേരിലാണ് വന്നത്. ആ വാര്‍ത്ത ഇങ്ങനെ ആയിരുന്നു. ഒരാളുടെ അടുത്ത് ചെന്ന് അഭയ പറഞ്ഞ ഒരു കാര്യമാണ്, – എന്നെ ആരും കൊന്നതുമല്ല. ഞാനൊട്ട് ആത്മഹത്യ ചെയ്തതുമല്ല. ഞാന്‍ ഒരുകാലത്ത് പുരുഷന്‍മാരാല്‍ ദുരുപയോഗിക്കപ്പെട്ട ഒരു വ്യക്തിയാണ്. പല ധ്യാനങ്ങള്‍ കൂടിയിട്ടും എനിക്ക് ആന്തരികസൗഖ്യം കിട്ടിയതുമില്ല. അങ്ങനെ ഞാന്‍ കന്യാസ്ത്രീ ആയെങ്കിലും കള്ളനെ കണ്ട് പേടിച്ച് ഓടിയപ്പോള്‍ കിണറ്റില്‍ വീണതാണ്. കിണറ്റില്‍ വീണു മരിച്ചു. അന്നുതൊട്ട് കഴിഞ്ഞ 28 കൊല്ലമായി കൊലപാതകമാണെന്നാണ് പറയുന്നത്.
ഒറ്റയാളും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നില്ല. 28 കൊല്ലമായി ഞാന്‍ ശുദ്ധീകരണ സ്ഥലത്തിലാണ്. കാരണം, മരിച്ചു ചെല്ലുന്ന ആളുകള്‍ക്ക് സ്വന്തമായി ഒന്നും ചെയ്യാന്‍ പറ്റില്ല. അവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ജീവിച്ചിരിക്കുന്നവര്‍ക്കേ കഴിയുകയുള്ളൂ.’ – അത് കേട്ടപ്പോള്‍ തനിക്ക് വളരെ സന്തോഷമായെന്നും വിശ്വസിക്കാന്‍ കൊള്ളാവുന്ന സന്ദേശമാണെന്ന് തനിക്ക് മനസിലായതായും ഫാ മാത്യു നായ്ക്കംപറമ്പില്‍ പറയുന്നു. അഭയയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പല മഠങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും മഠങ്ങള്‍ മധ്യസ്ഥപ്രാര്‍ത്ഥന ആരംഭിച്ചതായും വൈദികന്‍ പ്രസംഗത്തില്‍ പറയുന്നു.
അഭയയുടെ മരണം സംഭവിച്ച് 28 കൊല്ലങ്ങള്‍ക്ക് ശേഷമാണ് കേസില്‍ നിര്‍ണായകമായ വിധി വന്നത്. സി ബി ഐ പ്രത്യേക കോടതി കഴിഞ്ഞ മാസം വിധി പ്രഖ്യാപിച്ചതിന് ശേഷം കേസില്‍ കുറ്റക്കാരായി കണ്ടെത്തിയ ഫാ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും ഇപ്പോള്‍ ജയിലിലാണ്. അവരെ ന്യായീകരിച്ചുകൊണ്ടുള്ള പ്രസ്താവനയാണ് ഇപ്പോള്‍ വൈദികന്‍ നടത്തിയിരിക്കുന്നത്.