വ്യാജമദ്യം ; മധ്യപ്രദേശില്‍ മരിച്ചവരുടെ എണ്ണം 12 ആയി
മധ്യപ്രദേശില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍ . കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ രണ്ടാമത്തെ വിഷമദ്യ ദുരന്തമാണ് സംസ്ഥാനത്ത് നടന്നത്. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ മന്‍പൂര്‍, പഹാവലി ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ ആണ് തിങ്കളാഴ്ച രാത്രി വെള്ള നിറത്തിലുള്ള മദ്യം കഴിച്ചത്.
നിലവില്‍ 12 പേര്‍ മരിക്കുകയും ഏഴുപേര്‍ ഗുരുതരാവസ്ഥയിലാവുകയും ചെയ്തുവെന്ന് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ രാജേഷ് ഹിങ്കങ്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഐപിസി സെക്ഷന്‍ 304, എക്‌സൈസ് നിയമത്തിലെ 34, 91 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ കുറച്ചുപേരെ കൂടി അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്നും ഡി.ഐ.ജി പറഞ്ഞു.
മദ്യം വിഷമുള്ളതാണോയെന്ന് അറിയാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ഡി.ഐ.ജി പറഞ്ഞു. മൊറീന ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഉത്തരവിട്ടു.സമാനമായ രീതിയില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഉജ്ജൈനില്‍ വ്യാജ മദ്യം കുടിച്ച് 14 പേര്‍ മരിച്ചിരുന്നു.