കൊവിഡ് വാക്‌സിനുമായി ആദ്യ വിമാനം നാളെ എത്തും

സംസ്ഥാനത്തു കൊവിഡ് പ്രതിരോധത്തിനുള്ള 4,33,500 ഡോസ് വാക്സിന്‍ ആദ്യഘട്ടമായി നാളെ എത്തിക്കുമെന്ന് കേന്ദ്രം ഔദ്യോഗികമായി അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്സിനുകളാണെത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ റീജിയണല്‍ വാക്‌സിന്‍ സ്റ്റോറുകളിലാണ് വാക്‌സിന്‍ എത്തിക്കുക.

തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്‌സിനുകളാണ് എത്തിക്കുന്നത്. കോഴിക്കോട്ട് വരുന്ന വാക്‌സിനില്‍ നിന്നും 1,100 ഡോസ് വാക്‌സിനുകള്‍ മാഹിയില്‍ വിതരണം ചെയ്യുന്നതാണ്. വാക്‌സിന്‍ എത്തിയാല്‍ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ വാക്സിനുമായുള്ള ആദ്യ വിമാനം എത്തും. തിരുവനന്തപുരത്ത് വൈകീട്ട് ആറ് മണിയോടെ 1,34,000 ഡോസ് വാക്സിന്‍ വിമാനത്തില്‍ എത്തിക്കും. ഇവിടങ്ങളില്‍നിന്ന് ഇന്‍സുലേറ്റഡ് വാനുകളില്‍ വാക്സിന്‍ ജില്ലകളിലെത്തിക്കും. എല്ലാ ജില്ലകളിലും സംഭരണ കേന്ദ്രങ്ങളുണ്ട്. അവിടെ നിന്ന് സ്റ്റോറേജ് ബോക്സുകളില്‍ ആശുപത്രികളിലെത്തിച്ചാണ് വാക്‌സിന്‍ നല്‍കുക.

ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്കും കൊച്ചിയില്‍ നിന്ന് എറണാകുളം, ഇടുക്കിപാലക്കാട്, കോട്ടയം, തൃശൂര്‍ എന്നീ ജില്ലകളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്കും കോഴിക്കോട് നിന്നും ജില്ലയിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് പുറമെ കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്കും വാക്‌സിന്‍ നല്‍കും.

മൊത്തം 133 കേന്ദ്രങ്ങളാണ് ഈ ജില്ലകളിലായി വാക്‌സിനേഷന്‍ നല്‍കാനായി ഒരുക്കിയിരിക്കുന്നത്. വാക്സിന്‍ സൂക്ഷിക്കാനും വിതരണത്തിന് എത്തിക്കാനുമുള്ള എല്ലാ സജ്ജീകരണങ്ങളും സംസ്ഥാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.