യുവതിക്ക് ആറാം മാസം ഗര്‍ഭച്ഛിദ്രത്തിന് അനുമതി ; സുപ്രധാന വിധിയുമായി ഹൈക്കോടതി

ആറുമാസം ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കി സുപ്രധാന വിധി പുറപ്പെടുവിച്ചു ഹൈക്കോടതി. ഗര്‍ഭസ്ഥ ശിശുവിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് കോടതിയുടെ നിര്‍ണായക വിധി. ഗര്‍ഭസ്ഥ ശിശുവിന് അനന്‍സെഫലി (തലയോട്ടി പൂര്‍ണ്ണമായും രൂപപ്പെടാത്ത അവസ്ഥ) ഉണ്ടെന്നും ജീവിച്ചിരിക്കാന്‍ സാധ്യത കുറവാണെന്നും എയിംസിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടിയിരുന്നു. ഗര്‍ഭച്ഛിദ്രം നടത്തുന്നതാണ് നല്ലതെന്ന് ഇവരുടെ നിര്‍ദേശം മാനിച്ചാണ് കോടതി സുപ്രധാനമായ വിധി പ്രഖ്യാപനം നടത്തിയത്.

1971 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ട് പ്രകാരം ഇരുപത് ആഴ്ചയ്ക്ക് മുകളിലുള്ള ഗര്‍ഭച്ഛിദ്രം നിയമപരമായി കുറ്റമാണ്. അതുകൊണ്ട് തന്നെ ആ വ്യവസ്ഥയിലെ നിയന്ത്രണങ്ങള്‍ കൂടി ചോദ്യം ചെയ്തു കൊണ്ടായിരുന്നു യുവതിയുടെ ഹര്‍ജി. സാങ്കേതിക വിദ്യകള്‍ ഇത്രയും പുരോഗമിച്ച ഈ കാലത്ത് ഗര്‍ഭാവസ്ഥയുടെ ഏത് ഘട്ടത്തില്‍ വേണമെങ്കിലും ഗര്‍ഭച്ഛിദ്രം നടത്തുന്നതെന്ന് സുരക്ഷിതമാണെന്നും ഇവര്‍ വാദിച്ചിരുന്നു.

 

ചീഫ് ജസ്റ്റിസ് ഡി.എന്‍.പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരടങ്ങിയ ബഞ്ചിന്റെതാണ് ഉത്തരവ്. വിശദമായ ഉത്തരവ് വൈകാതെ തന്നെ പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു. ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യവസ്ഥ ചൂണ്ടിക്കാട്ടി മാതാവ് തന്നെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ‘ഭ്രൂണത്തിന് 27 ആഴ്ചയും അഞ്ച്ദിവസവുമായപ്പോള്‍ നടത്തിയ അള്‍ട്രാസോണോഗ്രഫിയില്‍ കുഞ്ഞിന്റെ തലയോട്ടി പൂര്‍ണ്ണമായും രൂപപ്പെട്ടില്ലെന്ന് വ്യക്തമായി ഇത് മൂലം ജീവിതത്തിലേക്കെത്താനുള്ള സാധ്യതകള്‍ കുറവാണ്’ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടി ഹര്‍ജി നല്‍കിയത്.

പല സാഹചര്യങ്ങളിലും ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യങ്ങള്‍ കണ്ടെത്തുന്നത് പലപ്പോഴും ഇരുപത് ആഴ്ചകള്‍ക്ക് ശേഷമാണ്. ‘നിയമത്തിന്റെ പരിധികള്‍ അനുസരിച്ച്, ഇരുപത് ആഴ്ചകള്‍ക്ക് ശേഷം ഇത്തരം ഗുരുതര വൈകല്യങ്ങള്‍ കണ്ടെത്തുന്ന സ്ത്രീകള്‍ അത്യന്തം വേദനകളിലൂടെ നിര്‍ബന്ധപൂര്‍വം കടന്നു പോകേണ്ടി വരുന്നു. അതുകൊണ്ട് തന്നെ 20 ആഴ്ച എന്ന ഈ പരിധി അതിനാല്‍ ഏകപക്ഷീയവും കഠിനവും വിവേചനപരവും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 21 എന്നിവയുടെ ലംഘനവുമാണെന്നും ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു.

ഹര്‍ജി പരിഗണിച്ച കോടതി യുവതിയെ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് നിര്‍ദേശം നല്‍കി. ഇതിനായി ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും വ്യക്തമാക്കിയിരുന്നു. ഈ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയാണ് നാഴികകല്ലായേക്കാവുന്ന നിര്‍ണായക വിധി കോടതി പുറപ്പെടുവിച്ചത്.